യുവാവുമായി പ്രണയം; പതിനാറുകാരിയെ അമ്മയും അമ്മാവന്മാരും ചേര്‍ന്ന് കഴുത്ത് ഞെരിച്ച ശേഷം ചുട്ടുകൊന്നു

single-img
30 April 2020

യുവാവുമായി പ്രണയത്തിലായി എന്ന കാരണത്താല്‍ പതിനാറു വയസുകാരിയെ അമ്മയും അമ്മാവന്മാരും ചേര്‍ന്ന് കഴുത്ത് ഞെരിച്ചതിന് ശേഷം ചുട്ടുകൊന്നു. രാജസ്ഥാനിലുള്ള പാലി ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം. മാര്‍ച്ച് 19-നായിരുന്നു സംഭവം. പക്ഷെ ഒരു മാസത്തിന് ശേഷമാണ് ഇക്കാര്യം പുറംലോകമറിഞ്ഞത്.
നിലവില്‍ പെണ്‍കുട്ടിയുടെ കത്തിക്കരിഞ്ഞ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണ്.

സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മ സീതാദേവി അമ്മാവന്‍ സാവരാം എന്നിവര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പാലി ജില്ലക്കാരായ പെണ്‍കുട്ടിയുടെ കുടുംബവും അമ്മാവന്‍ സാവരാമിന്റെ കുടുംബവും കച്ചവടത്തിനായി പൂനെയിലേക്ക് താമസം മാറുകയായിരുന്നു. ഈ സമയംകൊല്ലപ്പെട്ട പെണ്‍കുട്ടി മറ്റൊരു ഗ്രാമത്തിലെ യുവാവുമായി പ്രണയത്തിലായിരുന്നു. ഇതിനെ തുടര്‍ന്ന് രണ്ട് മാസം മുമ്പ് ഇയാളോടൊപ്പം പെണ്‍കുട്ടി ഒളിച്ചോടിയിരുന്നു.

പക്ഷെ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്ന വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പോലീസ് യുവാവിനെ അറസ്റ്റ് ചെയ്യുകയും പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകാത്തതിനാല്‍ തിരികെ വീട്ടിലേക്ക് അയക്കുകയും ചെയ്തു. സ്റ്റേഷനില്‍ നിന്നും ജാമ്യത്തിലിറങ്ങിയ ഇയാളെ വിവാഹം ചെയ്യണമെന്ന പെണ്‍കുട്ടിയുടെ ആവശ്യം വീട്ടുകാര്‍ തള്ളി. ഇതിനെ തുടര്‍ന്ന് രാജസ്ഥാനിലെ അമ്പലത്തില്‍ പ്രാര്‍ത്ഥനക്കെന്ന് വ്യക്തമാക്കി മാര്‍ച്ച് 18ന് പെണ്കുട്ടിയെ അവിടേക്ക് കൊണ്ടുപോവുകയും പിറ്റേ ദിവസം പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കുടുംബം തിരികെ പൂനെയിലേക്ക് പോവുകയായിരുന്നു.