‘നമുക്ക് ഒരുപാട് കംഫർട്ട്നെസ്സ് സിനിമ നൽകും, അതു കൊണ്ടാണ് ഒരിക്കൽ സിനിമ വിട്ടത്’ ആദ്യമായി ഫെയ്സ്ബുക്ക് ലൈവിൽ ശോഭന

single-img
30 April 2020

സിനിമ തനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒന്നാണെന്നും ഒരുപാട് ഇഷ്ടമുള്ളതു കൊണ്ടും ഒരുപാട് പോസിറ്റിവിറ്റി ഉള്ളതു കൊണ്ടുമാണ് ഒരിക്കൽ സിനിമ വിട്ടതെന്നും ശോഭന. ലോക്ഡൗൺ കാലത്ത് ആരാധകരോട് സംസാരിക്കാൻ ആദ്യമായി നടിയും നർത്തകിയുമായ ശോഭന ഫെയ്സ്ബുക്ക് ലൈവിലൂടെ എത്തുകയായിരുന്നു. അഭിമുഖങ്ങൾക്കൊന്നും അധികം പിടി കൊടുക്കാത്ത താരം പെട്ടെന്ന് ലൈവിൽ എത്തിയപ്പോൾ ആരാധകർക്കും അത് സർപ്രൈസായി. സിനിമയെക്കുറിച്ചും നൃത്തത്തെക്കുറിച്ചും ഒരുപാട് സംസാരിച്ച ശോഭന ആരാധകരുടെ ചോദ്യങ്ങൾക്കെല്ലാം ഒരു മണിക്കൂർ നീണ്ടു നിന്ന വിഡിയോയിൽ മറുപടി പറഞ്ഞു.

‘സിനിമ ഒരുപാട് പോസിറ്റിവിറ്റി തരുന്ന ഒന്നാണ്. ഒരുപാട് ആരാധകരും അവരുടെ സ്നേഹവും എല്ലാം ചേർന്ന് നമുക്ക് ഒരുപാട് കംഫർട്ട്നെസ്സ് സിനിമ നൽകും. അത്രയും കംഫർട്ട് ആയാൽ ശരിയാവില്ല എന്നു തോന്നിയതു കൊണ്ടാണ് സിനിമ വിട്ടത്’ ശോഭന പറഞ്ഞു.

Posted by Shobana on Wednesday, April 29, 2020

മറക്കാനാകാത്ത സിനിമകളെ കുറിച്ച് ചോദിച്ചപ്പോൾ ഇന്നലെ, ഏപ്രിൽ 18, മണിച്ചിത്രത്താഴ്, തേൻമാവിൻ കൊമ്പത്ത് തുടങ്ങി ചില സിനിമകളുടെ പേരെടുത്ത് താരം പരാമർശിച്ചു. മണിച്ചിത്രത്താഴിൽ അഭിനിയിക്കുന്നത് മാനസികമായി ഏറെ വെല്ലുവിളി തന്നതായിരുന്നെങ്കിൽ തേൻമാവിൻ കൊമ്പത്ത് താൻ ഏറ്റവുമധികം ആസ്വദിച്ച് ചെയ്ത സിനിമയാണെന്ന് താരം പറഞ്ഞു. മമ്മൂട്ടിയ്ക്കും മോഹൻലാലിനും ഒപ്പമുള്ള അനുഭവങ്ങളും ശോഭന വിഡിയോയിൽ വെളിപ്പെടുത്തി. മമ്മൂക്ക എപ്പോഴും സീനിയർ എന്നുള്ള അകലം പാലിക്കുന്ന ആളാണെന്നും എന്നാൽ വളരെ നല്ല നടനും മനുഷ്യനും ആണെന്ന് ശോഭന പറഞ്ഞു. മോഹൻലാലും താനും അടുത്ത സുഹൃത്തുക്കളാണെന്നും സിനിമയിലെ 80–s ഗ്രൂപ്പിൽ തങ്ങൾ അംഗങ്ങളാണെന്നും അതിലൂടെ നിരന്തരം ബന്ധപ്പെടാറുണ്ടെന്നും താരം വെളിപ്പെടുത്തി. മോഹൻലാലിനൊപ്പമുള്ള അടുത്ത സനിമ എന്നാണെന്ന ചോദ്യത്തിന് തനിക്ക് സമ്മതമാണെന്നും അത് അദ്ദേഹമാണ് തീരുമാനിക്കേണ്ടതെന്നും ശോഭന പറഞ്ഞു.