സര്‍വീസില്‍ തിരികെയെത്താന്‍ അവസാന അവസരം; രാജു നാരായണ സ്വാമിക്ക് സംസ്‌ഥാന സര്‍ക്കാരിന്റെ കത്ത്

single-img
29 April 2020

അവസാന ഒരുവര്‍ഷമായി സിവിൽ സര്‍വീസില്‍ നിന്നും വിട്ടുനില്‍ക്കുന്ന രാജുനാരായണസ്വാമി ഐഎഎസ്‌. ജോലിയില്‍ നിന്ന് രാജിവെച്ചതായി കണക്കാക്കാതിരിക്കാനും സര്‍വീസില്‍ തിരികെയെത്താന്‍ അവസാനഅവസരം പ്രയോജനപ്പെടുത്തണമെന്നും കാണിച്ചുകൊണ്ട് സംസ്‌ഥാന സര്‍ക്കാരിന്റെ കത്ത്‌. ഈ കത്തിൽ പത്തുദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.

ആൾ ഇന്ത്യ സര്‍വീസ്‌നിയമത്തിലെ അവധിചട്ടം 7(2)(എ) പ്രകാരം‌ അനധികൃതമായി ഒരു വര്‍ഷത്തിലേറെ ജോലിക്കെത്തിയില്ലെങ്കില്‍ പ്രസ്തുത ഉദ്യോഗസ്‌ഥന്‍ രാജിവെച്ചതായി കണക്കാക്കാം. നിലവിൽ ഒരു വര്‍ഷവും 10 ദിവസവും കഴിഞ്ഞിട്ടും രാജുനാരായണസ്വാമി തിരികെ ജോലിയില്‍ പ്രവേശിച്ചിട്ടില്ല. ഈ കാലയളവില്‍ അദ്ദേഹം എവിടെയായിരുന്നുവെന്നത്‌ വ്യക്‌തമാക്കണമെന്നും കത്തിൽ സർക്കാർ ആവശ്യപ്പെടുന്നു.

സർവീസ് കാലയവിൽ ഉണ്ടായിട്ടുള്ള പ്രശ്‌നങ്ങളുടെ പേരില്‍ സംസ്‌ഥാന സര്‍ക്കാരിനു മുന്നില്‍ റിപ്പോര്‍ട്ട്‌ ചെയ്യുക എന്ന നിര്‍ദേശത്തോടെയാണ്‌ കേന്ദ്ര സര്‍ക്കാര്‍ 2019 മാര്‍ച്ച്‌ 7ന്‌ തിരികെ സംസ്ഥാനത്തെത്തി ജോലിയിൽ പ്രവേശിപ്പിക്കാൻ രാജുനാരായണസ്വാമിയോട്‌ ആവശ്യപ്പെട്ടത്‌.

സർക്കാർ ജനങ്ങളെ സേവിക്കാന്‍ നല്‍കിയ അവസരങ്ങളെല്ലാം താങ്കള്‍ പാഴാക്കി. ജനങ്ങള്‍ക്ക് ഉദ്യോഗസ്ഥനിൽ നിന്നും‌ ലഭിക്കേണ്ട ഒരു നേട്ടവും താങ്കളുടെ സേവനങ്ങളില്‍നിന്ന്‌ ഉണ്ടായിട്ടില്ല. ഏത് രീതിയിലാണ്‌ താങ്കള്‍ ഇത്തരമൊരു തലത്തിലേക്ക്‌ വന്നതെന്ന്‌ ആത്മപരിശോധനയും അവലോകനവും നടത്തേണ്ട സമയമാണെന്ന്‌ കത്തില്‍ ഓര്‍മിപ്പിക്കുന്നു.

ഭരണനിർവഹണം ആവശ്യപ്പെടുന്ന രീതിയിൽ പ്രവര്‍ത്തിക്കാത്ത ഉദ്യോഗസ്‌ഥരേയും ഒരു പൊതുതാല്‍പര്യവും സംരക്ഷിക്കാത്തവരെയും ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച സമിതി രാജുനാരായണസ്വാമിക്ക്‌ നിര്‍ബന്ധിത വിരമിക്കല്‍ ശിപാര്‍ശ ചെയ്‌ത കാര്യം സർക്കാർ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.