കേന്ദ്ര തീരുമാനത്തിന് കാത്തുനിൽക്കാതെ ലോക്ക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടി പഞ്ചാബ്

single-img
29 April 2020

കൊറോണ വ്യാപനത്തെ തുടർന്നുള്ള ലോക്ക് ഡൗണ്‍ പഞ്ചാബില്‍ നീട്ടിയതായി മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് അറിയിച്ചു. കേന്ദ്രസർക്കാരിന്റെ തീരുമാനത്തിനായി കാത്തു നില്‍ക്കുന്നില്ലെന്നും വീണ്ടും രണ്ടാഴ്ചത്തേക്ക് കൂടി ലോക്ക് ഡൗണ്‍ നീട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു.

അടുത്തമാസം മൂന്നിന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച രാജ്യവ്യാപക ലോക്ക് ഡൗണ്‍ അവസാനിക്കാനിരിക്കെയാണ് പഞ്ചാബ് സര്‍ക്കാർ തീരുമാനം അറിയിച്ചത്. ഇന്ന് ഉച്ചയോടെ ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷമാണ് പഞ്ചാബ് സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് തീരുമാനമെടുത്തത്.

സംസ്ഥാനത്ത് കുറച്ചു കാലത്തേക്കു കൂടി നിയന്ത്രണങ്ങള്‍ തുടരേണ്ടത് അത്യാവശ്യമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി, ദിവസവും രാവിലെ ഏഴു മണിമുതല്‍ 11 മണിവരെ കടകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നും കണ്ടയിന്‍മെന്റ് മേഖലകളും റെഡ് സോണുകളും നിലവിലെ കര്‍ശന ലോക്ക് ഡൗണില്‍ തുടരേണ്ടിവരുമെന്നും വ്യക്തമാക്കി. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിലും ലോക്ക് ഡൗണ്‍ നീട്ടണമെന്ന് അമരീന്ദര്‍ സിങ് ആവശ്യപ്പെട്ടിരുന്നു.