നടന്‍ ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു

single-img
29 April 2020

പ്രമുഖ ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു. വന്‍കുടലിലെ അണുബാധയെ തുടര്‍ന്ന്  മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.  54 വയസായിരുന്നു.

അംഗ്രേസി മീഡിയം ആണ് അവസാനമായി അഭിനയിച്ച ചിത്രം.  വന്‍കുടലിലെ അണുബാധയെ തുടര്‍ന്ന് മുംബൈ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കേയാണ് മരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

2018ല്‍ ഇര്‍ഫാന് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിദേശത്ത് ചികിത്സയും നടത്തി. ഈ ആഴ്ച ആദ്യമാണ് ഇര്‍ഫാന്റെ അമ്മ സയീദ ബീഗം മരിച്ചത്. ലോക്ക് ഡൗണിനെ തുടര്‍ന്ന് ജയ്പൂരില്‍ നടന്ന ശവ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. 

ഭാര്യ സുതപ സിക്ദര്‍, മക്കളായ ബബില്‍, അയാന്‍  എന്നിവര്‍ക്കൊപ്പം മുംബൈയിലാണ് ഇര്‍ഫാന്‍ ഖാന്‍ താമസിക്കുന്നത്.