കേരളത്തിൽ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം വേണം; കേന്ദ്രസർക്കാരിന്റെ മുന്നിൽ അനുമതി തേടി ഗള്‍ഫ് രാജ്യങ്ങള്‍

single-img
29 April 2020

അവധിക്ക് നാട്ടിലേക്ക് എത്തിയ മലയാളികളായ നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരെ തിരികെ കൊണ്ടു പോകാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി ഗള്‍ഫ് രാജ്യങ്ങള്‍ കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തെ സമീപിച്ചു. കേരളത്തിലെ നൂറ് നഴ്‌സുമാരെ റിക്രൂട്ട് ചെയ്ത് കൊണ്ടു പോകാന്‍ അനുമതി തേടി ബഹ്‌റിന്‍ വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്. അവധിക്ക് എത്തിയവരെ തിരികെ വിളിക്കാൻ സൗദി അറേബ്യയാണ് ആദ്യം അനുമതി തേടിയത്.

അടുത്ത മൂന്ന് മാസത്തേക്ക് കേരളത്തിൽ നിന്നും നൂറോളം ആരോഗ്യ പ്രവര്‍ത്തകരെ റിക്രൂട്ട് ചെയ്യാനുള്ള അനുമതി തേടി യുഎഇയിലെ രണ്ട് ആശുപത്രികളും മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളുടെ ഈ അഭ്യര്‍ത്ഥനകള്‍ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പരിശോധിക്കുകയാണ്. നിരവധി ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് അവധിക്ക് നാട്ടിലേക്ക് മടങ്ങിയതിന് ശേഷം ലോക്ഡൗണ്‍ ആയതിനാല്‍ തിരികെ പോവാന്‍ കഴിയാത്ത 830ലധികം ആരോഗ്യപ്രവര്‍ത്തകര്‍ കേരളത്തിലുണ്ട്.

ഇവരെ ഇവിടെനിന്നും തിരികെ കൊണ്ടുപോവാന്‍ കൊച്ചിയില്‍ പ്രത്യേക വിമാനം ഇറങ്ങാന്‍ അനുമതി തേടിയാണ് സൗദി അറേബ്യയും ബഹ്‌റിനും ഇപ്പോൾ മന്ത്രാലയത്തെ സമീപിച്ചിരിക്കുന്നത്. ഒരു കോടിയുടെ അടുത്ത് ജനസംഖ്യയുള്ള യുഎഇയില്‍ ഇതുവരെ 11,000 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്.