ശമ്പളം പിടിക്കുന്നതില്‍ നിന്ന് ചീഫ് ജസ്റ്റിസിനെയും മറ്റ് ജഡ്ജിമാരേയും ഒഴിവാക്കണം; സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ കത്ത്

single-img
29 April 2020

കൊറോണ വൈറസ്‌ ബാധയെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തില്‍ സംസ്ഥാന സർക്കാർ ജഡ്ജിമാരുടെ ശമ്പളം പിടിക്കരുതെന്ന ആവശ്യവുമായി ഹൈക്കോടതി. ഈ ആവശ്യവുമായി സര്‍ക്കാരിന് ഹൈക്കോടതി കത്തയച്ചു. സർക്കാർ ഓർഡിനൻസിലൂടെ ശമ്പളം പിടിക്കുന്നതില്‍ നിന്ന് ചീഫ് ജസ്റ്റിസിനെയും മറ്റ് ജഡ്ജിമാരേയും ഒഴിവാക്കണം എന്ന് ആവശ്യപെട്ട് ഹൈക്കോടതി രജിസ്ട്രാര്‍ ജനറലാണ് സംസ്ഥാന
ധനകാര്യ സെക്രട്ടറിയ്ക്ക് കത്തയച്ചത്.

കോടതി ജഡ്ജിമാര്‍ക്ക് ഭരണഘടനാ പരമായ അവകാശം ഉണ്ട്,അതിനാൽ ഇവരുടെ ശമ്പളം പിടിക്കരുതെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. പക്ഷെ ഈ കത്തില്‍ ഹൈക്കോടതിയിലെ മറ്റ് ജീവനക്കാരുടെ ശമ്പളം സംബന്ധിച്ച് യാതൊരു പരാമര്‍ശവും ഇല്ല. കഴിഞ്ഞ ദിവസമായിരുന്നു സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള എക്സിക്യൂട്ടീവ് ഉത്തരവ് ഹൈക്കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തത്.