കേരളത്തിൽ ഇന്ന് 10 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; ഒരാൾ മാധ്യമപ്രവർത്തകൻ

single-img
29 April 2020

കേരളത്തിൽ ഇന്ന് 10 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇവരിൽ ആറ് പേർ കൊല്ലം ജില്ലയിലും തിരുവനന്തപുരം കാസർകോട് രണ്ട് വീതം ആളുകൾക്കുമാണ് രോഗം സ്ഥിരീകരിച്ചത് എന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ മൂന്ന് പേർ ആരോഗ്യപ്രവർത്തകരും ഒരാൾ മാധ്യമപ്രവർത്തകനുമാണ്.

കാസർകോടാണ് ദൃശ്യമാധ്യമപ്രവർത്തകന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ 495 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 123 പേരാണ് ചികിത്സയില്‍ കഴിയുന്നവര്‍. അതേസമയം സംസ്ഥാനത്ത് 10 പേർക്ക് രോഗം ഭേദമായാതായി മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ മൂന്ന് വീതം പേരും പത്തനംതിട്ട ഒരാളും നെഗറ്റീവായി.

ഇന്ന് ഇടുക്കിയില്‍ നേരത്തെ രോഗം സ്ഥിരീകരിച്ച ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവായിരുന്നു. ഇവർക്ക് ഒരു ഫലം കൂടി നെഗറ്റീവായാല്‍ ആശുപത്രി വിടാം. ഇടുക്കി ജില്ലയിലെ ഏലപ്പാറയിലെ ഡോക്ടര്‍, ആശാവര്‍ക്കര്‍ മൈസൂരില്‍ നിന്നെത്തിയ അമ്മ, യുവാവ്, ചെന്നൈയില്‍ നിന്നെത്തിയ രണ്ട് പേര്‍ എന്നിവരുടെ പുതിയ ഫലമാണ് നെഗറ്റീവായത്. ഇടുക്കി, കാസർകോട് ജില്ലകളിലെ വണ്ടി പെരിയാർ, അജാനൂർ പ‌ഞ്ചായത്തുകളെ കൂടി ഹോട്ട് സ്പോട്ടിൽ ഉൾപ്പെടുത്തി.