കോടതി വിധിക്കെതിരെ അപ്പീലിനില്ല; ഓർഡിനൻസ് കൊണ്ടുവരാൻ സർക്കാർ തീരുമാനം

single-img
29 April 2020

തിരുവനന്തപുരം: ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള സർക്കാർ ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി വിധിയിൽ അപ്പീൽ നൽകാനില്ലെന്ന് സർക്കാർ.പകരം സാലറി കട്ടില്‍ ഓര്‍ഡിനന്‍സ് ഇറക്കാനാണ് മന്ത്രിസഭയുടെ തീരുമാനം. ഇതുവഴി ശമ്പളം പിടിക്കാനുള്ള തീരുമാനത്തിന് നിയമപ്രാബല്യം നല്‍കാനാണ് തീരുമാനമായത്.

കോടതി വിധിക്കെതിരായി അപ്പീൽ നൽകുന്നതടക്കമുള്ള നടപടികൾ കാലതാമസം വരുത്തുമെന്നാണ് സർക്കാരിന്റെ നിഗമനം. അതിനാൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടങ്ങളിൽ  ജീവനക്കാരുടെ ശമ്ബളം മാറ്റിവെക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന നിയമം കൊണ്ടുവരാനാണ് തീരുമാനം. 

മന്ത്രിസഭ അന്തിമതീരുമാനമെടുത്തുകഴിഞ്ഞാല്‍ ഉടന്‍ തന്നെ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കും. ഓര്‍ഡിനന്‍സ് നിയമമാകുന്നതിന് ഗവര്‍ണര്‍ ഒപ്പിടേണ്ടതുണ്ട്. സാലറി കട്ടിനെതിരെ പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ ഹൈക്കോടതിയെ സമീപിച്ചു. തുടർന്നാണ് കോടതി ഉത്തരവ് സ്റ്റേ ചെയ്തത്.

സര്‍ക്കാര്‍ ജീവനക്കാരുടെ മാസത്തിലെ ആറു ദിവസങ്ങളിലെ ശമ്പളം എന്ന ക്രമത്തില്‍ അഞ്ചുമാസം ശമ്പളം മാറ്റിവയ്ക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. ഇതനുസരിച്ച്‌ ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള മാസങ്ങളിൽ ശമ്പളം പിടിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്.