പത്രങ്ങളുടെ പേജുകൾ ഇനിയും കുറയും: പത്രം, ലോട്ടറി, നോട്ടുബുക്കുകൾ പ്രതിസന്ധിയിൽ

single-img
28 April 2020

ദിവസങ്ങളായി തമിഴ്നാട്ടിലെ പേപ്പർ മില്ലുകൾ അടഞ്ഞുകിടക്കുന്നത് പത്രവ്യവസായ മേഖലയെ വൻ പ്രതിസന്ധിയിലാഴ്ത്തുമെന്നു സൂചനകൾ.  കേരളത്തിലെ നിരവധി പത്രസ്ഥാപനങ്ങൾ ന്യൂസ് പ്രിന്റ് വാങ്ങുന്നത് തമിഴ്നാട്ടിലെ മില്ലുകളിൽ നിന്നാണ്. ചില സ്ഥാപനങ്ങൾ മാത്രമാണ് വിദേശ ന്യൂസ് പ്രിൻ്റ് ഇറക്കുമതി ചെയ്യുന്നത്.തമിഴ്നാട്ടിലെ പേപ്പർ മില്ലുകൾ അടഞ്ഞു കിടക്കുന്നതിനാൽ പത്രം അച്ചടി പ്രതിസന്ധിയിലാകുമെന്നാണ് നിലവിലെ സൂചനകൾ. 

സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ഫാക്ടറി ദീർഘനാളായി അടഞ്ഞുകിടക്കുകയാണ്. ഈ സാഹചര്യത്തിലാണ് പത്രങ്ങൾക്ക് തമിഴ്നാട്ടിലെ മില്ലുകളെ ആശ്രയിക്കേണ്ടിവന്നത്. ലോക്ക് ഡൗൺ അപ്രതീക്ഷിതമായിരുന്നതിനാൽ മിക്ക പത്രസ്ഥാപനങ്ങളിലും ഏറെ നാളത്തേക്ക് ഉപയോഗിക്കത്തക്ക അളവിൽ ന്യൂസ് പ്രിന്റ് സ്റ്റോക്കുണ്ടായിരുന്നില്ല. ഈയൊരു സാഹചര്യത്തിലാണ് അച്ചടി പ്രതിസന്ധിയിലാകുന്നത്. 

ഫാക്ടറികൾ തുറക്കുന്നത് ഇനിയും നീണ്ടാൽ പത്രസ്ഥാപനങ്ങൾ കടുത്ത പ്രതിസന്ധിയാണ് നേരിടേണ്ടിവരിക. ന്യൂസ് പ്രിന്റിന്റെ കടുത്ത ക്ഷാമം മുന്നിൽക്കണ്ട് എല്ലാ പത്രങ്ങളും ഇപ്പോൾ പേജ് കുറച്ചാണ് പ്രസിദ്ധീകരിക്കുന്നതെന്നുള്ളതും വസ്തുതയാണ്. പത്രസ്ഥാപനങ്ങളെ അവശ്യസർവീസായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ന്യൂസ് പ്രിന്റ്, മഷി, മറ്റ് അനുബന്ധ വസ്തുക്കൾ എന്നിവയെ അവശ്യസാധന പരിധിയിൽ ഉൾപ്പെടുത്താത്തതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. 

തമിഴ്‌നാട്ടിൽ ചെറുതും വലുതുമായ 25 ലേറെ പേപ്പർ മില്ലുകളാണുള്ളത്. 25 മുതൽ 3,​000 തൊഴിലാളികൾ വരെ ജോലി ചെയ്യുന്ന മില്ലുകളുണ്ട്. ലോക്ക് ഡൗൺ നിബന്ധനകൾ പാലിച്ചാലും 300 ജീവനക്കാരെങ്കിലുമില്ലെങ്കിൽ വൻകിട മില്ലുകൾക്ക് പ്രവർത്തിക്കാനാകില്ലെന്നുള്ളതാണ് വസ്തുത. മില്ലുകളിലെ ആയിരക്കണക്കിന് തൊഴിലാളികളുടെ കുടുംബങ്ങളും പ്രതിസന്ധിയിലാണ്. ചെറിയ തോതിലെങ്കിലും പ്രവർത്തിച്ചാൽ വലിയ പ്രതിസന്ധിയിൽ നിന്ന് ഒഴിവാകാമെന്ന പ്രതീക്ഷ തൊഴിലാളികൾക്കുണ്ട്. 

തമിഴ്നാട്ടിൽ കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്നതിനാൽ പേപ്പർ മില്ലുകൾ പോലുള്ള വലിയ വ്യവസായ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുന്നത് നീളാനാണ് സാദ്ധ്യത. കേന്ദ്രസർക്കാർ വിചാരിച്ചാലേ ഇത്തരം മില്ലുകൾക്ക് പ്രവർത്തനാനുമതി നൽകാനാകുകയുള്ളൂ.ലോട്ടറി അച്ചടിയും പ്രതിസന്ധിയിലാകുംലോട്ടറി, നോട്ട് ബുക്കുകൾ എന്നിവയുടെ അച്ചടിയും പ്രതിസന്ധിയിലാണെന്നുള്ളത് മറ്റൊരു പ്രശ്നമാണ്. 

നോട്ട് ബുക്കുകളുടെ നിർമ്മാണം നടക്കുന്നത് മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ്. സാധാരണ ജൂണിൽ സ്കൂളുകളും കോളേജുകളും തുറക്കുമ്പോഴേക്കും നോട്ട് ബുക്കുകൾ തയ്യാറായിരിക്കും. പേപ്പർ കിട്ടിയില്ലെങ്കിൽ സംസ്ഥാന ലോട്ടറിയുടെ അച്ചടിയെയും കാര്യമായി ബാധിക്കുമെന്നും സൂചനകളുണ്ട്.