കമ്മ്യൂണിറ്റി കിച്ചണുകൾക്ക് സർക്കാർ സഹായം നൽകുന്നില്ലെന്ന ആരോപണവുമായി കൊച്ചി മേയർ

single-img
28 April 2020

കൊച്ചി: കമ്മ്യൂണിറ്റി കിച്ചണുകളുടെ നടത്തിപ്പിന് സർക്കാർ സഹായം നൽകുന്നില്ലെന്ന ആരോപണവുമായി കൊച്ചി മേയർ സൗമിനി ജെയിൻ. നിലവിൽ കോർപറേഷൻ ഫണ്ടുകളിൽ നിന്നാണ് ആവസ്യമായ പണം കണ്ടെത്തുന്നതെന്നും, കുടുംബശ്രീ മിഷൻ വാഗ്ദാനം ചെയ്ത 50000 രൂപ പോലും നൽകിയിട്ടില്ലെന്നും മേയർ പറഞ്ഞു.

ഈ സ്ഥിതി തുടര്‍ന്നാല്‍ കോര്‍പറേഷന്‍ ജീവനക്കാര്‍ക്ക് അടുത്ത മാസത്തെ ശമ്ബളം പോലും നല്‍കാന്‍ കഴിയില്ലെന്നും സൗമിനി ജെയിന്‍ പറഞ്ഞു.കൊച്ചി കോര്‍പറേഷന്‍ പരിധിയില്‍ ദിവസവും പതിനായിരം പേര്‍ക്ക് ഭക്ഷണം നല്‍കുന്നുണ്ട്. ധനസഹായം ആവശ്യപ്പെട്ട് പല തവണ സര്‍ക്കാരിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്നാണ് സൗമിനി ജെയിന്‍ പറയുന്നത്.

മാർച്ച് 26 നാണ് കൊച്ചി കോർപ്പറേഷനു കീഴിൽ കമ്മ്യൂണിറ്റി കിച്ചൻ തുടങ്ങുന്നത്. ആദ്യം അ‍ഞ്ചെണ്ണം ആരംഭിച്ചെങ്കിലും പിന്നീട് ഭരണകൂടം ആവസ്യപ്പെട്ടതിനെ തുടർന്ന് 12 എണ്ണമാക്കി. കുടുംബ ശ്രീയുമായി ചേർന്നാണ് പുതിയവ ആരംഭിച്ചത്. എന്നാൽ 600 കിലോ അരി മാത്രമാണ് ആകെ ലഭിച്ചത്.

സർക്കാർ സഹായം ലഭ്യമാകാത്തതിനാൽ നിലവിൽ കാര്യമായ പ്രതിസന്ധി നേരിടുന്നതായി മേയർ വ്യക്തമാക്കി. ആരോപണത്തോട് സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.