`റൂമിൽ ആദ്യ കോവിഡ് സ്ഥിരീകരിച്ചതിനു ശേഷം ചെക്കപ്പിനായി ഡോക്ടറെത്തിയത് മൂന്നാം ദിവസം: ആംബുലൻസ് വരാൻ 20 മിനിറ്റ് താമസിച്ചത് വലിയ വാർത്തയായെങ്കിൽ കേരളത്തെ മറ്റു രാജ്യങ്ങളോട് പോലും താരത്യം ചെയ്യാനാവില്ല´

single-img
28 April 2020

കോട്ടയത്ത് കോവിഡ് സ്ഥിരീകരിച്ച രോഗിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ ആംബുലൻസ് എത്താൻ താമസിച്ചുവെന്ന വാർത്ത കഴിഞ്ഞ ദിവസം വൻ വിവാദങ്ങൾക്കാണ് തിരി കൊളുത്തിയത്. ഈ വാർത്തയ്ക്ക് എതിരെ ആരോഗ്യ മന്ത്രി ഉൾപ്പെടെയുള്ളവരും രംഗത്തെത്തിയിരുന്നു. വാർത്ത പുറത്തു വിട്ട മലയാള മനോരമയ്ക്ക് എതിരെയും അവതാരകൻ അയ്യപ്പ ദാസിനെതിരെയും വൻ സെെബർ ആക്രമണമാണ് നടക്കുന്നത്. 

ഈ സാഹചര്യത്തിലാണ് ദുബായിൽ ജോലി നോക്കുന്ന അരുൺ കൃഷ്ണ എന്ന യുവാവ് അവിടുത്തെ ചികിത്സാ സംവിധാനങ്ങളെക്കുറിച്ച് വിവരിച്ച് രംഗത്തെത്തിയത്. തൻ്റെ റൂമിൽ ആദ്യ കോവിഡ് സ്ഥിരീകരിച്ചതിനു ശേഷം ചെക്കപ്പിനായി ഡോക്ടറെത്തിയത് മൂന്നാം ദിവസമാണെന്നും നാലു ദിവസവും തങ്ങൾ ഇരുപതോളം പേർ രോഗിയോടൊപ്പം താമസിക്കേണ്ടി വന്നുവെന്നും അരുൺ പറയുന്നു. 

ആംബുലൻസ് വരാൻ 20 മിനിറ്റ് താമസിച്ചത് വൻ വാർത്തയായെങ്കിൽ കേരളത്തെ മറ്റു രാജ്യങ്ങളോട് പോലും താരത്യം ചെയ്യാനാവില്ലെന്നും അരുൺ വ്യക്തമാക്കുന്നുണ്ട്. 

അരുൺ കൃഷ്ണയുടെ ഫേസ്ബുക്ക് പോസ്റ്റ്: 

റൂമിൽ ആദ്യത്തെ covid പോസിറ്റീവ് കേസ് സ്ഥിരീകരിച്ചതിനു ശേഷം മൂന്നാം ദിവസമാണ് ചെക്കപ്പിനായി ഡോക്ടർ എത്തിയത്. അടുത്ത ദിവസം കടുത്ത പനിയെ തുടർന്ന് ആളെ ഹോസ്പിറ്റലിലേക്ക് മാറ്റി.

ഈ നാലു ദിവസവും ഞങ്ങൾ ഇരുപതോളം പേർ അവനോടൊപ്പം തന്നെ താമസിക്കേണ്ടി വന്നു.അടുത്ത ദിവസം എല്ലാവരും കൂടി ടെസ്റ്റിനായി ഹോസ്പിറ്റലിൽ എത്തിയെങ്കിലും മതിയായ ലക്ഷണങ്ങളും ടെമ്പറേച്ചറും ഇല്ലാത്തതിനാൽ മടങ്ങിപ്പോരേണ്ടി വന്നു..

ഇതിനിടെ നേരത്തെ ടെസ്റ്റ്‌ ചെയ്യപ്പെട്ട 3 പേർ കൂടി പോസ്റ്റിറ്റീവ് ആവുന്നു. മൂന്നു ദിവസത്തിന് ശേഷം അവരെല്ലാം ഹോസ്പിറ്റലിൽ ഐസൊലേറ്റ് ചെയ്യപ്പെടുന്നു. വീണ്ടും symptoms വരാനായി കാത്തിരിക്കുന്നു. ഇതിനിടെ പലർക്കും പനി പിടിക്കുന്നു. ഗന്ധം അറിയാനുള്ള ശേഷി ഇല്ലാതാവുന്നു.

ഞങ്ങൾ പതിമൂന്നു പേർ ടെസ്റ്റ്‌ ചെയ്യുന്നു. മൂന്നു ദിവസത്തിന് ശേഷം റിസൾട്ട്‌ വരുന്നു. എന്നോടൊപ്പം വന്നവൻ മാത്രം പോസിറ്റീവ്. ഞാനടക്കം പന്ത്രണ്ടു പേർ നെഗറ്റീവ് !!

വീണ്ടും പോസിറ്റീവ് ആയവനോടൊപ്പം അഞ്ചു ദിവസം ഒരുമിച്ചു കഴിയുന്നു. ഇതിനിടെ ഗന്ധവും രുചിയും തിരിച്ചറിയാനുള്ള ശേഷി പൂർണമായും നഷ്ടപ്പെടുന്നു. ബോഡിസ്പ്രേ മൂക്കിൽ അടിച്ചാൽ പോലും പച്ചവെള്ളം ആണെന്ന തോന്നൽ ! ഹൈ ബിപി ഉള്ളതുകൊണ്ട് ഇരുപത്തിനാലു മണിക്കൂറും രണ്ടു ലാർജ് അടിച്ച ഫീലിങ്ങിൽ തല കറങ്ങിക്കൊണ്ടിരുന്നു.

ഡോക്ടറുടെ നിർദേശ പ്രകാരം സ്വയം ക്വാറന്റൈൻ ആവുന്നു. ഭക്ഷണക്രമങ്ങൾ പാലിക്കുന്നു. വിറ്റാമിൻ ടാബ്‌ലറ്റുകൾ എടുക്കുന്നു. പ്രതിരോധശേഷി വർധിപ്പിക്കുന്നു. എട്ടു ദിവസത്തിന് ശേഷം നഷ്ടപ്പെട്ട രുചിയും മണവും തിരിച്ചു വരുന്നു..

ആംബുലൻസ് വരാൻ 20 മിനിറ്റ് താമസിച്ചത് വൻ വാർത്തയായെങ്കിൽ കേരളത്തെ മറ്റു രാജ്യങ്ങളോട് പോലും താരത്യം ചെയ്യാനാവില്ല.