സാമ്പത്തികമായി സഹായിക്കാനാകില്ല, പക്ഷേ രക്തം എത്രവേണമെങ്കിലും തരാം: ഉരുൾപൊട്ടലിൽ തകർന്ന കളവപ്പാറയിലെ ജനങ്ങളെത്തി രക്തം നൽകി സഹായിക്കാൻ

single-img
28 April 2020

കളവപ്പാറ ഓർമ്മയില്ലേ. മഹാപ്രളയത്തിനിടയിൽ കേരളത്തെ നടുക്കിയ വലിയ ദുരന്തത്തിന് സാക്ഷ്യം വഹിച്ചവരെ. ആ ഉരുൾപ്പൊട്ടൽ ഉറ്റവരെ മാത്രമല്ല അവരുടെ ജീവിതംതന്നെ കവർന്നെടുത്തപ്പോൾ ജീവച്ഛവമായി മാറിയതവർ. അന്നു നഷ്ടപ്പെട്ട ജീവിതം തിരിച്ചുപിടിക്കാനാകാത്തവർ ഇന്നുമുണ്ട്. എന്നാൽ അതെല്ലാം മറന്ന് ഈ കെട്ടകാലത്ത് അവരിൽ 30 പേർ കഴിഞ്ഞദിവസം  പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ രക്തബാങ്കിലെത്തി. തങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയിൽ സാമ്പത്തികമായി സഹായിക്കാൻ കഴിഞ്ഞില്ലെങ്കിലും തങ്ങൾക്ക് സ്വന്തമായുള്ള രക്തം മറ്റുള്ളവർക്ക് പകർന്നു നൽകാൻ.

കഴിഞ്ഞദിവസം കവളപ്പാറ കോളനി കൂട്ടായ്മയുടെ നേതൃത്വത്തിൽ 27 പേർക്കാണ് രക്തം നൽകാൻ കഴിഞ്ഞത്. എത്തിയവരെല്ലാം കൂലിപ്പണിക്കാരാണ്. ദുരന്തത്തിൽ സഹായിച്ചവർക്ക് നൽകാൻ ഞങ്ങൾക്ക് ഇതേ ബാക്കിയുള്ളുവെന്ന് അവർ പറയാതെ തന്നെ ഈ ലോകത്തിനറിയാം.  കോവിഡ് കാലത്തെങ്കിലും മറ്റുള്ളവരെ സഹായിക്കാൻ എന്തുചെയ്യാനാകുമെന്ന ചിന്തയാണ് രക്തദാനത്തിലെത്തിച്ചതെന്നു കൂട്ടായ്മ കൺവീനർ ദിലീപ് വ്യക്തമാക്കി. 

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച അനീഷിന്റെ ജ്യേഷ്ഠൻ സുരേഷ് ബാബു, അനീഷിന്റെ പിതൃസഹോദരങ്ങളുടെ മക്കളായ അഞ്ചുപേർ, ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ട ജയൻ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നുവെന്നുള്ളതും കേരളത്തിൻ്റെ മനസ്സിന് തകർക്കുവാനാകില്ലന്നും എന്തു ദുരന്തമുണ്ടായാലും കേരള ജനത ഒറ്റക്കെട്ടാണെന്നും പറയാതെ പറയുകയായിരുന്നു അവർ. 

അടുത്ത മഴക്കാലം അരികിലെത്തിയിട്ടും പുനരധിവാസം എങ്ങുമെത്താത്തതിന്റെ ഭീതിയിലാണ് ഇവർ. എന്തിനെയും നേരിടാനാവുമെന്ന ആത്മവിശ്വാസമാണ് മുന്നോട്ടുനയിക്കുന്നതെന്നും മഴക്കാലമായാൽ രക്തദാനത്തിന് വരാനാകുമോയെന്നറിയില്ലാത്തതുകൊണ്ടാണ് രക്തബാങ്കിൽ വിളിച്ച് ബുക്കുചെയ്താണ് രക്തം നൽകാനെത്തിയതെന്നും ഇവർ പറയുന്നു.