സോണിയാ ഗാന്ധിക്കെതിരെയുള്ള പരാമർശവുമായി ബന്ധപ്പെട്ട് അർണബ് ഗോസ്വാമിയെ പൊലീസ് ചോദ്യം ചെയ്തത് 12 മണിക്കൂർ

single-img
28 April 2020

കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെയുള്ള വിവാദ പരാമർശവുമായി ബന്ധപ്പെട്ട് റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയെ മുംബയ് പൊലീസ് 12 മണിക്കൂർ ചോദ്യം ചെയ്തു. പൽഗർ ആൾക്കൂട്ട കൊലപാതകവുമായി ബന്ധപ്പെട്ടുള്ള ചാനൽ ചർച്ചയ്ക്കിടെയായിരുന്നു സോണിയാ ഗാന്ധിക്കെതിരെയുള്ള അർണബിന്റെ വിവാദ പരാമർശം. മഹാരാഷ്ട്ര മന്ത്രി നിതിൻ റൗത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നാഗ്പൂർ പൊലീസ് അർണബിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. 

സോണിയ ഗാന്ധിക്കെതിരെ നടത്തിയ വിവാദ പരാമർശത്തിന്റെ പേരിൽ അറസ്റ്റ് ഉൾപ്പടെയുള്ള നടപടികളിൽ നിന്ന് അർണബ് ഗോസ്വാമിക്ക് സുപ്രീംകോടതി നേരത്തെ മൂന്നാഴ്ചത്തെ സംരക്ഷണം നൽകിയിരുന്നു. മൂന്നാഴ്ച ബലംപ്രയോഗിച്ചുള്ള നടപടികളൊന്നും എടുക്കരുതെന്നാണ് ഉത്തരവ്. മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, മദ്ധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന, ജമ്മുകശ്മീർ എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുകളിൽ നിന്നാണ് കോടതി പരിരക്ഷ നൽകിയത്.

കലാപമുണ്ടാക്കാനുള്ള ഉദ്ദേശത്തോടെ പ്രകോപനം, മതത്തിന്റെയോ വംശത്തിന്റെയോ അടിസ്ഥാനത്തിൽ രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള ശത്രുത വളർത്തുക, ഏതെങ്കിലും മത വികാരങ്ങളെ പ്രകോപിപ്പിക്കാൻ ഉദ്ദേശിച്ചുള്ള പ്രവർത്തനങ്ങൾ, മതത്തെയും മതവിശ്വാസത്തെയും അപമാനിക്കുക, മാനനഷ്ടം എന്നിവയാണ് അർണബിനെതിരെ ചാർജ് ചെയ്തിരിക്കുന്ന കുറ്റങ്ങൾ.

പന്ത്രണ്ടര മണിക്കൂറോളം ചോദ്യം ചെയ്യപ്പെട്ടതായി റിപ്പബ്ലിക്‌ ടിവി വെബ്‌സൈറ്റിലെ പ്രസ്താവനയിൽ ഗോസ്വാമി വ്യക്തമാക്കി. `സോണിയ ഗാന്ധിയെക്കുറിച്ചുള്ള എന്റെ പരാമർശത്തെക്കുറിച്ചായിരുന്നു ചോദ്യം ചെയ്യൽ.അഭിപ്രായങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് ഞാൻ വ്യക്തമാക്കി. പറഞ്ഞതെല്ലാം ശരിയാണെന്ന് ഞാൻ പൂർണ്ണമായും വ്യക്തമാക്കി. എൻ്റെ ഭാഗം പൊലീസിനോട് വിശദീകരിച്ചിട്ടുണ്ട്, അവർ പൂർണ്ണമായും സംതൃപ്തരാണ്. അന്വേഷണവുമായി ഞാൻ സഹകരിച്ചു’-പ്രസ്താവനയിൽ പറയുന്നു.