നിങ്ങൾ എന്റെ മകന്റെ കരിയർ ഏതാണ്ട് തീർത്തുകളഞ്ഞു, അവനുവേണ്ടി ഒരു ഓട്ടോഗ്രാഫ് തരൂ’ – സ്റ്റുവാർട്ട് ബ്രോഡിന്റെ അച്ഛൻ എന്നെ കണ്ടിരുന്നു ; യുവരാജ് സിംഗ്

single-img
27 April 2020

മുംബൈ: യുവരാജ് സിങ്ങിന്റെ ഒരോവറിൽ ആറു സിക്സ് നേടിയ പ്രകടനം എന്നും ഓർക്കുന്നവരാണ് ഏതൊരു ക്രിക്കറ് പ്രേമിയും.കളിക്കളത്തിലെ ക്‌ളാസും മാസ്സും കലിപ്പും എല്ലാം നിറഞ്ഞ പ്രകടനം. പ്രഥമ ട്വന്റി20 ലോകകപ്പിൽ ഇംഗ്ലണ്ട് താരം സ്റ്റുവാർട്ട് ബ്രോഡിനെതിരെ ഒരു ഓവറിൽ തുടർച്ചയായി ആറു സിക്സ് നേടിയ യുവരാജ് സിങ്ങിന്റെ ആ പ്രകടനം ആരാധകർ ഇന്നും ആവേശത്തോടെ മാത്രമേ ഓർക്കാറുള്ളൂ. എന്നാൽ കാലത്തിനു പുറത്തു ആ മത്സരത്തിന് ശേഷം നടന്ന സംഭവങ്ങൾ വിശദമാക്കിയിരിക്കുകയാണ് യുവരാജ്.ബിബിസി പോഡ്കാസ്റ്റുമായുള്ള സംഭാഷണത്തിൽ ബ്രോ‍ഡിനെതിരായ സിക്സർ പ്രകടനത്തിനുശേഷം അദ്ദേഹത്തിന്റെ പിതാവും ഐസിസി മാച്ച് റഫറിയുമായ ക്രിസ് ബ്രോഡുമായി നേരിൽക്കണ്ട സംഭവം വിവരിക്കുകയാണ് യുവരാജ്.

സ്റ്റുവാർട്ട് ബ്രോഡിനെതിരെ ഒരു ഓവറിൽ ആറു സിക്സ് നേടിയ പ്രകടനത്തിനു പിറ്റേന്നാണ് ഐസിസി മാച്ച് റഫറി കൂടിയായ അദ്ദേഹത്തിന്റെ പിതാവ് ക്രിസ് ബ്രോഡിനെ നേരി‍ൽക്കണ്ടതെന്ന് യുവരാജ് വെളിപ്പെടുത്തി. ‘അദ്ദേഹത്തിന്റെ പിതാവ്, ക്രിസ് ബ്രോഡ്, ഐസിസിയുടെ മാച്ച് റഫറിയാണ്. ഈ സംഭവത്തിനു പിറ്റേന്ന് അദ്ദേഹം എന്റെ അടുത്തെത്തി. എന്നിട്ടു പറഞ്ഞു: നിങ്ങൾ എന്റെ മകന്റെ കരിയർ ഏതാണ്ട് തീർത്തുകളഞ്ഞു. അവനുവേണ്ടി ഒരു ജഴ്സിയിൽ ഓട്ടോഗ്രാഫ് തരൂ’ – യുവരാജ് പറഞ്ഞു.

‘അന്ന് ഞാൻ എന്റെ ഇന്ത്യൻ ജഴ്സി അദ്ദേഹത്തിനു നൽകി. അതിൽ സ്റ്റുവാർട്ടിനു വേണ്ടി ഒരു സന്ദേശവും കുറിച്ചു. ‘എനിക്കെതിരെ ഒരു ഓവറിൽ അഞ്ച് സിക്സ് നേടിയിട്ട് (ദിമിത്രി മസ്കരാനസ്) അധികം ദിവസമായിട്ടില്ല. അതുകൊണ്ട് അതിന്റെ വേദന എനിക്ക് ശരിക്കറിയാം. ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനത്തിന് എല്ലാ ആശംസകളും’ – യുവരാജ് വിശദീകരിച്ചു.

‘നോക്കൂ, ഇപ്പോൾ ലോകത്തെ ഏറ്റവും മികച്ച ബോളർമാരിൽ ഒരാളാണ് സ്റ്റുവാർട്ട് ബ്രോഡ്. ഇന്ത്യയിൽനിന്ന് ഒരു താരത്തിനാണ് ഇത് സംഭവിക്കുന്നതെങ്കിലോ? ഒരു ഓവറിൽ ആറു സിക്സ് വഴങ്ങിയിട്ട് ഒരു ഇന്ത്യൻ താരവും പിന്നീട് ഇതുപോലെ വളരുമെന്ന് എനിക്കു തോന്നുന്നില്ല’ – യുവരാജ് ചൂണ്ടിക്കാട്ടി. ഫ്ലിന്റോഫുമായുണ്ടായ കശപിശയെക്കുറിച്ചും യുവരാജ് മനസ്സു തുറന്നു: ഇംഗ്ലണ്ട് താരം ആൻഡ്രൂ ഫ്ലിന്റോഫുമായി കളിക്കിടെ ഉടലെടുത്ത വാക്പോരിന്റെ അരിശത്തിലാണ് ബ്രോഡിനെതിരെ തുടർച്ചയായി സിക്സർ നേടിയതെന്ന് അടുത്തിടെ ഒരു ഇൻസ്റ്റഗ്രാം ലൈവ് ചാറ്റിലും യുവരാജ് വെളിപ്പെടുത്തിയിരുന്നു.