വാതുവയ്പ്പുകാര്‍ക്ക് മുന്നറിയിപ്പ്; പാക് താരം ഉമര്‍ അക്മലിന് അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് മൂന്ന് വര്‍ഷത്തെ വിലക്ക്

single-img
27 April 2020

പാക് സ്റ്റാര്‍ ബാറ്റ്സ്മാന്‍ ഉമര്‍ അക്മലിന് അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ മൂന്ന് വര്‍ഷത്തെ വിലക്ക്. ടീമിനെ വാതുവയ്പ്പുകാര്‍ സമീപിച്ചത് പാകിസ്താൻ ക്രിക്കറ്റ് ബോര്‍ഡിനെ യഥാസമയം അറിയിക്കാത്തതിനെ തുടര്‍ന്നാണ് ശിക്ഷ. മുൻപ് അഴിമതി വിരുദ്ധ കോടതി അക്മലിനെ ഫെബ്രുവരിയില്‍ താല്‍ക്കാലികമായി ക്രിക്കറ്റില്‍നിന്ന് വിലക്കിയിരുന്നു.

പാക് ക്രിക്കറ്റ് ബോര്‍ഡിനെ വളരെ വിഷമത്തിലാക്കുന്ന തീരുമാനമാണിതെന്നും പക്ഷെ വാതുവയ്പ്പുകാര്‍ സമീപിച്ചാല്‍ അത് ഉടന്‍ അറിയിക്കാത്തത് വലിയ തെറ്റാണെന്നും പിസിബി അഴിമതി വിരുദ്ധ സ്‌ക്വാഡിന്റെ ഡയറ്കടര്‍ ആസിഫ് മുഹമ്മദ് അറിയിച്ചു. മാത്രമല്ല വാതുവയ്പ്പുകാര്‍ക്കുള്ള മുന്നറിയിപ്പുകൂടിയാണ് വിധിയെന്ന് അദ്ദേഹം വ്യക്തമാക്കി.

2009ല്‍ 19ാം വയസ്സിലായിരുന്നു അക്മല്‍ പാകിസ്താനുവേണ്ടി അരങ്ങേറ്റം കുറിച്ചത്. ഇതുവരെയായി രാജ്യത്തിന് വേണ്ടി 16 ടെസ്റ്റുകളും 121 ഏകദിനങ്ങളും 84 ട്വന്റി-20 മല്‍സരങ്ങളും കളിച്ചിട്ടുണ്ട്. ഒരിക്കൽ അഭിപ്രായ ഭിന്നതയാൽ കോച്ച് മിക്കി ആര്‍തുറെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് 2017ല്‍ അക്മലിനെ മൂന്ന് മല്‍സരങ്ങളില്‍നിന്ന് പാകിസ്താന്‍ വിലക്കിയിരുന്നു. പിന്നീട് 2019ല്‍ താരത്തെ വീണ്ടും ടീമിലേക്ക് തിരിച്ചുവിളിക്കുകയായിരുന്നു.