കൊവിഡ് കാലം കഴിയുന്നതോടെ പുതിയ ഇന്ത്യയ്ക്ക് തുടക്കമാകും; മാസ്‌ക ധരിക്കുന്നത് കൊവിഡിന് ശേഷം ജീവിത ശൈലിയാകും: പ്രധാനമന്ത്രി

single-img
27 April 2020

റേഡിയോ പ്രഭാഷണ പരിപാടിയായ ‘മൻ കി ബാത്തിൽ’ ജനങ്ങൾ ശ്രദ്ധിക്കേണ്ട ചില ആരോ​ഗ്യ നിർദേശങ്ങളെ കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് സംവദിച്ചു. കൊവിഡ് കാലം കഴിയുന്നതോടെ പുതിയ ഇന്ത്യയ്ക്ക് തുടക്കമാകും. മാസ്‌ക ധരിക്കുന്നത് കൊവിഡിന് ശേഷം ജീവിത ശൈലിയാകുമെന്ന് മോദി പറഞ്ഞു. കൊവിഡ് കാലത്ത് പ്രതിരോധ ശേഷി കൂട്ടാൻ ഇന്ത്യൻ ആയുർവേദ/യോഗവിധികൾ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെപ്പറ്റിയും അദ്ദേഹം പറഞ്ഞു. ”ആയുഷ് വകുപ്പ് നിർദ്ദേശിച്ചിട്ടുള്ള കൊവിഡ് പ്രതിരോധ മുൻകരുതലുകൾ നിങ്ങൾ പിന്തുടരുന്നുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു” – മോദി പറഞ്ഞു.

ചൂടുവെള്ളം, കഷായം, എന്നിവയെക്കുറിച്ചും മറ്റു നിര്‍ദ്ദേശങ്ങളും ആയുഷ് മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. അത് നിങ്ങള്‍ ദിനചര്യയുടെ ഭാഗമാക്കിയാല്‍ നിങ്ങള്‍ക്ക് വളരെ പ്രയോജനം ലഭിക്കുമെന്നും മോദി പറയുന്നു. പൊതുയിടങ്ങളിൽ തുപ്പുന്ന ശീലം ഉപേക്ഷിക്കുക. ഇത് അടിസ്ഥാന ശുചിത്വത്തിന്റെ നിലവാരമുയര്‍ത്തും, കൊറോണ പകരുന്നത് തടയുന്നതിനും സഹായകമായിരിക്കുമെന്നും മോദി പറഞ്ഞു.

മാസ്‌കും നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറുകയാണ്. നമ്മുടെ ചുറ്റുപാടുമുള്ള വളരെയധികം ആളുകളെ മാസ്‌കണിഞ്ഞ് കാണുന്നത് ഒരിക്കലും നമ്മുടെ ശീലമല്ലായിരുന്നു, ഇന്നത് ശീലമാകുകയാണെന്നും അദ്ദേഹം പറഞ്ഞു.രോഗത്തില്‍ നിന്ന് സ്വയം രക്ഷപെടണമെങ്കില്‍, മറ്റുള്ളവരെയും രക്ഷപെടുത്തണമെങ്കില്‍ മാസ്‌ക് ധരിക്കേണ്ടി വരുമെന്നും മോദി പറഞ്ഞു.