‘നീ ഭാര്യ അല്ലെ,ഭാര്യ എപ്പോഴും തോറ്റുതരണം’; ലുഡോയിൽ തോറ്റതിന്​ ഭർത്താവ്​ ഭാര്യയുടെ ന​ട്ടെല്ലൊടിച്ചു

single-img
27 April 2020

വ​ഡോദര: ഭാര്യ എപ്പോഴും തോറ്റു കൊടുക്കേണ്ടവളാണെന്ന് എഴുതപ്പെടാത്ത നിയമാമുണ്ടെന്ന് ധരിച്ചു വച്ചിരിക്കുന്ന ചിലരെങ്കിലും ഇപ്പോഴും നമ്മുടെ ഇടയിൽ ജീവിക്കുന്നുണ്ട്. അതിനുള്ള തെളിവാണ് ഗുജറാത്തിലെ വഡോദരയിൽ മൊബൈൽ ഗെയിമിൽ തോൽപ്പിച്ചതിന് ഭർത്താവ് ഭാര്യയുടെ നട്ടെല്ല് ചവിട്ടി ഒടിച്ചത്.ലോക്​ഡൗൺ കാലത്ത്​ സമൂഹ മാധ്യമങ്ങൾക്കൊപ്പം ഓൺലൈൻ ഗെയിമുകളും ട്രെൻഡിങ്ങാണ്​. അവയിൽ പ്രധാനിയാണ്​ ലുഡോ. കഴിഞ്ഞ ദിവസം ലുഡോ മത്സരത്തിൽ തുടർച്ചയായി തോറ്റതിനാണ് ഭർത്താവ്​ ഭാര്യയുടെ ന​ട്ടെല്ലൊടിച്ചത്. ന​ട്ടെല്ലിന്​ പരിക്കെറ്റ 24 കാരിയെ​ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ലോക്​ഡൗണ്‍ ആയതിനാല്‍ പുറത്തിറങ്ങാനാവാതെ വന്നതോടെ ദമ്പതികൾ വീട്ടിൽ നിന്നും മൊബൈൽ ഫോണില്‍ ലുഡോ ഗെയിം കളിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കളി തുടങ്ങിയ ശേഷം തുടർച്ചയായി മൂന്ന്​, നാല് കളികളിൽ ഭാര്യ ഭര്‍ത്താവിനെ പരാജയപ്പെടുത്തി. തുടര്‍ച്ചയായി തോറ്റ ദേഷ്യത്തില്‍ ഭര്‍ത്താവ് ഭാര്യയോട്​ തട്ടിക്കയറുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്​തു.

ഭർത്താവിന്​ സ്വകാര്യ ഇലക്​ട്രോണിക്​ കമ്പനിയിലാണ്​ ജോലി. ഭാര്യ ട്യൂഷനെടുക്കുകയും ബ്യൂട്ടീഷനായി ജോലി ചെയ്​തും വരികയായിരുന്നു. ചികിത്സക്ക് ശേഷം ഭർത്താവിനൊപ്പം പോകാൻ വിസമ്മതിച്ച യുവതി മാതാപിതാക്കൾക്കൊപ്പം സ്വന്തം വീട്ടിലേക്ക് പോയി. എന്നാല്‍ കൗൺസിലിങ്ങിൽ ഭർത്താവ് ക്ഷമ ചോദിക്കുകയും ഒരുമിച്ച് ജീവിക്കാൻ താല്‍പര്യമുണ്ടെന്നും വ്യക്​തമാക്കി.

ഭർത്താവ്​ മാപ്പപേക്ഷിച്ചതിനാൽ കേസെടുക്കേണ്ടെന്ന്​ പറഞ്ഞ യുവതി മാതാപിതാക്കളോടൊപ്പം കുറച്ച് ദിവസം ചെലവഴിച്ച ശേഷം ഭര്‍ത്താവിന്‍റെ അടുത്തേക്ക് തന്നെ മടങ്ങിവരുമെന്ന് അറിയിച്ചു. ശാരീരിക പീഡനം കുറ്റകരമാണെന്നും പൊലീസിൽ പരാതിപ്പെട്ടാൽ അറസ്​റ്റ്​ ചെയ്യാമെന്നും കൗൺസിലർ യുവാവിന് മുന്നറിയിപ്പ് നൽകി.