വീഡിയോ നിർമ്മാണം മതിയാക്കി ജോലിയിൽ ശ്രദ്ധിക്കൂ: പൊലീസുകാർ വീഡിയോ നിർമ്മിക്കുന്നത് ഡിജിപി വിലക്കി

single-img
27 April 2020

കൊവിഡ് ബോധവത്കരണത്തിനായി പൊലീസുകാർ വീഡിയോ നിർമ്മിക്കുന്നത് ഡിജിപി ലോക്‌നാഥ് ബെഹ്റ വിലക്കി രംഗത്ത്. കൊറോണ ബോധവത്കരണത്തിനായി 412 വീഡിയോകളാണ് പൊലീസ് നിർമ്മിച്ചത്. വീഡിയോ നി‌ർമ്മാണം മതിയാക്കി കൊവിഡ് ഡ്യൂട്ടിയിൽ കൂടുതൽ ശ്രദ്ധിക്കണമെന്നാണ് ഡി.ജി.പിയുടെ ഉത്തരവ്. 

തങ്ങളുടെ വീഡിയോകളിൽ അഭിനയിക്കാൻ ചലച്ചിത്രതാരങ്ങളെയും പ്രമുഖ വ്യക്തികളെയും നിർബന്ധിക്കുന്നത് ഒഴിവാക്കാനും പൊലീസ് ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചിട്ടുണ്ട്.

ഏതെങ്കിലും തരത്തിലുള്ള ഷൂട്ടിംഗ് ആവശ്യമുണ്ടെങ്കിൽ പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പിയിൽ നിന്ന് അനുമതി നേടിയിരിക്കണമെന്നും ഡിജിപി വ്യക്തമാക്കിയിട്ടുണ്ട്. 

എന്നാൽ പൊലീസിന്റെ നല്ല പ്രവൃത്തികൾ പൊതുജനങ്ങളോ വാർത്താ ചാനലുകളോ ചിത്രീകരിച്ചത് വേണമെങ്കിൽ എഡി​റ്റ് ചെയ്ത് ഉപയോഗിക്കാം. പൊലീസുകാരുടെ പാട്ടും നൃത്തവും ചിത്രീകരിക്കുന്ന വീഡിയോയും ഇനി വേണ്ട. ഇപ്പോൾ തന്നെ ആവശ്യത്തിലധികമുണ്ടെന്നാണ് ഡി.ജി.പിയുടെ നിലപാട്.