തൊഴിലാളികള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് കിം ജോങ് ഉന്നിൻ്റെ സന്ദേശം പുറത്ത്

single-img
27 April 2020

അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെ തൊഴിലാളികള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ സന്ദേശം പുറത്തുവന്നു. വോസാനില്‍ വിനോദ സഞ്ചാര മേഖല പടുത്തുയര്‍ത്തിയ തൊഴിലാളികളെ അഭിവാദ്യം ചെയ്തുകൊണ്ടുള്ള കിമ്മിന്റെ സന്ദേശം ഉത്തര കൊറിയന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ്. 

”വാന്‍സാന്‍ കാല്‍മ ടൂറിസ്റ്റ് മേഖല പടുത്തുയര്‍ത്താന്‍ സ്വയം സമര്‍പ്പിച്ചു ജോലി ചെയ്ത തൊഴിലാളികള്‍ക്ക് പരമോന്നത നേതാവ് കിം ജോങ് ഉന്‍ അഭിവാദ്യം അര്‍പ്പിച്ചു. ” വടക്കന്‍ കൊറിയയിലെ പ്രധാന  പത്രമായ റോഡോങ് സിന്‍മുനെ ഉദ്ധരിച്ചുകൊണ്ട് യോന്‍ഹാപ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സർക്കാരിൻ്റെ നിയന്ത്രണത്തിലുള്ള കൊറിയന്‍ സെന്‍ട്രല്‍ ബ്രോഡ്കാസ്റ്റിങ് സ്‌റ്റേഷനും ഇതേ റിപ്പോർട്ട് സംപ്രേഷണം ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം കിം സഞ്ചരിക്കാറുള്ള തീവണ്ടി കണ്ടെത്തിയെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ വ്യക്തമാക്കിയിരുന്നു. അദ്ദേഹം സഞ്ചരിക്കാറുള്ള പ്രത്യേക തീവണ്ടി ഈ ആഴ്ച രാജ്യത്തെ റിസോര്‍ട്ട് ടൗണായ വോണ്‍സാനില്‍ കണ്ടു. വാഷിങ്ടണ്‍ ആസ്ഥാനമായുള്ള ഉത്തരകൊറിയ നിരീക്ഷണ കേന്ദ്രമായ ’38 നോര്‍ത്ത്’ അവലോകനം ചെയ്ത ഉപഗ്രഹചിത്രങ്ങളിലൂടെയാണ് തീവണ്ടിയുടെ സാന്നിധ്യം കണ്ടെത്തിയതെന്നാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്. 

ഏപ്രില്‍ 21, ഏപ്രില്‍ 23 തീയതികളില്‍ വോണ്‍സാനിലെ ‘ലീഡല്‍ഷിപ് സ്‌റ്റേഷനില്‍'(കിമ്മിനും കുടുംബത്തിനുമായുള്ള പ്രത്യേക സ്‌റ്റേഷന്‍) കിമ്മിന്റെ പ്രത്യേക തീവണ്ടി നിര്‍ത്തിയിട്ടിരുന്നെന്നാണ് റിപ്പോർട്ടിലുള്ളത്. കിം കുടുംബത്തിനായി സ്‌റ്റേഷന്‍ മുഴുവന്‍ റിസര്‍വ് ചെയ്യുകയായിരുന്നു. എന്നാൽ കിം ജോങ് ഉന്നിന്റെ തീവണ്ടിയാണെന്ന ഊഹമുണ്ടെങ്കിലും അദ്ദേഹം വോന്‍സാനിലുണ്ടോയെന്ന് സഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 

‘ഉത്തരകൊറിയന്‍ നേതാവ് എവിടെയാണെന്നോ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെന്താണെന്നോ തീവണ്ടിയുടെ സാന്നിധ്യം കൊണ്ട് മനസ്സിലാക്കാന്‍ കഴിയില്ല. പക്ഷേ കിം, രാജ്യത്തിന്റെ കിഴക്കന്‍ തീരത്തെ വരേണ്യ പ്രദേശത്തുണ്ട്’, എന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.