245 രൂപയുടെ കിറ്റിന് 600 രൂപ;അധാര്‍മിക വഴികളിലൂടെ ലാഭം കൊയ്യാന്‍ ശ്രമിക്കുന്നവർക്ക് രാജ്യം ഒരിക്കലും മാപ്പു നല്‍കില്ല’ : രാഹുല്‍ ഗാന്ധി

single-img
27 April 2020

ഡല്‍ഹി: രാജ്യത്ത് റാപ്പിഡ് ടെസ്റ്റിങ് കിറ്റ് വില്‍പനയിലൂടെ ലാഭം നേടാന്‍ ശ്രമിക്കുന്നവരെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ചൈനീസ് റാപ്പിഡ് ആന്റിബോഡി ടെസ്റ്റു കിറ്റുകള്‍ക്കായി ഇന്ത്യ ഇരട്ടി പണം നല്‍കുന്നുവെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘രാജ്യം മുഴുവന്‍ കോവിഡിനെതിരെ പൊരുതുമ്പോള്‍ ചില ആളുകള്‍ അധാര്‍മിക വഴികളിലൂടെ ലാഭം കൊയ്യാന്‍ ശ്രമിക്കുകയാണ്. ദുഷിച്ച ഈ മാനസികാവസ്ഥ എന്നെ ഭയപ്പെടുത്തുന്നു. രാജ്യം ഒരിക്കലും അവര്‍ക്ക് മാപ്പു നല്‍കില്ല.’ രാഹുല്‍ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

‘ദശലക്ഷണക്കക്കിന് സഹോദരീ സഹോദരന്മാര്‍ നിര്‍ണയിക്കാനാവാത്തത്രയും കഷ്ടപ്പാടുകള്‍ അഭിമുഖീകരിക്കുമ്പോള്‍ അതില്‍ നിന്ന് ലാഭം ഉണ്ടാക്കാന്‍ ശ്രമിക്കുന്നതു വിശ്വസിക്കാനും മനസ്സിലാക്കാനും സാധിക്കുന്നതിലുമുപരിയാണ്. ഈ അഴിമതി ഓരോ ഇന്ത്യക്കാരനെയും അപമാനിക്കുന്നതാണ്. അഴിമതിക്കാരെ നീതിക്കു മുന്നിലെത്തിക്കാന്‍ പ്രധാനമന്ത്രി എത്രയും പെട്ടെന്ന് ശ്രമിക്കണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു.’ മറ്റൊരു ട്വീറ്റില്‍ രാഹുല്‍ അഭ്യര്‍ഥിച്ചു.

അതെ സമയം തെറ്റായ പരിശോധനാഫലങ്ങളെ തുടര്‍ന്ന് പല സംസ്ഥാനങ്ങളും കിറ്റുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇന്ത്യന്‍ സര്‍ക്കാര്‍ കൂടിയ വിലയ്ക്കാണ് ഇന്ത്യന്‍ വിതരണക്കാരായ റിയല്‍ മെറ്റബോളിക്‌സില്‍നിന്ന് ചൈനീസ് കൊറോണ വൈറസ് ടെസ്റ്റ് കിറ്റുകള്‍ വാങ്ങിയത്. റാപ്പിഡ് ആന്റിബോഡി ടെസ്റ്റുകളും ആര്‍എന്‍എ എക്‌സ്ട്രാക്ഷന്‍ കിറ്റുകളും ഉള്‍പ്പെടെ 6,50,000 കിറ്റുകള്‍ ഇന്ത്യയിലേക്ക് അയച്ചതായി ചൈന അംബാസഡര്‍ വിക്രം മിശ്ര ഏപ്രില്‍ 16 ന് ട്വീറ്റ് ചെയ്തിരുന്നു.

ഇറക്കുമതിക്കാരായ മട്രിക്‌സ് ഈ കിറ്റുകള്‍ ചൈനയില്‍ നിന്ന് 245 രൂപയ്ക്കാണ് വാങ്ങുന്നത്. എന്നാല്‍ വിതരണക്കാര്‍ ഒരു കിറ്റിന് 600 രൂപ നിരക്കിലാണ് സര്‍ക്കാരിന് വില്‍ക്കുന്നത്. ഇതുസംബന്ധിച്ച തര്‍ക്കം ഡല്‍ഹി ഹൈക്കോടതിയില്‍ എത്തിയിരുന്നു. തുടര്‍ന്ന് ഒരു കിറ്റിന്റെ വില 400 ആയി കുറയ്ക്കണമെന്ന് കോടതി നിര്‍ദേശിക്കുകയും ചെയ്തിരുന്നു.