ഫഹദ് ഫാസിൽ ഒരു ന്യൂ ജനറേഷൻ സൂപ്പർ സ്റ്റാർ മാത്രമാണോ? ; അതിനും അപ്പുറമുള്ള ഫഹദ് വിലയിരുത്തപ്പെടുന്നു

single-img
27 April 2020

സുനില്‍ മാന്നനൂര്‍

ന്യൂ ജനറേഷൻ തരംഗം സംഭാവന ചെയ്ത അഭിനേതാവാണ് ഫഹദ് ഫാസില്‍ എന്ന് പലപ്പോഴും മാധ്യമങ്ങള്‍ പ്രചരിപ്പിക്കാറുണ്ട്.അത് കൊണ്ട് തന്നെ അവർ അയാളെ ന്യൂ ജനറേഷന്‍ സൂപ്പര്‍ സ്റ്റാര്‍ എന്നും വിശേഷിപ്പിക്കുന്നത് പലവുരു കണ്ടിട്ടുമുണ്ട്.ആരംഭകാലത്ത് ആ ടാഗ് ലൈനുള്ള അയാളുടെ ഭൂരിഭാഗം ചിത്രങ്ങളും സാമ്പത്തികമായി വിജയങ്ങളായിരുന്നു.ചാപ്പാക്കുരിശ്,22 ഫീമെയില്‍ കോട്ടയം,അന്നയും റസൂലും തുടങ്ങി അന്ന് ആ ലേബലിൽ വന്ന ബഹുഭൂരിപക്ഷം സിനിമകൾക്കും പ്രേക്ഷകശ്രദ്ധ നേടാൻ സാധിച്ചു എന്നത് നിസ്തർക്കമായ കാര്യമാണ്.

എന്നാല്‍ ഫഹദ് ഫാസിൽ എന്ന നടൻ ആ കള്ളിയില്‍ മാത്രം ഒതുങ്ങി നിന്നതുകൊണ്ടല്ല യുവനടന്‍മാരില്‍ ഒന്നാം നിരയിലേക്കുയര്‍ന്നതും,നായകന്‍ എന്ന നിലയില്‍ മലയാളസിനിമയിൽ തന്റേതായ സ്ഥാനം അടയാളപ്പെടുത്തിയതും,പിന്നീടുള്ള അയാളുടെ കരിയര്‍ അത് തെളിയിക്കുന്നുമുണ്ട്..ഏറ്റവും മോശമായൊരു തുടക്കത്തിൽ നിന്നാണ് ഫഹദ് ഇതുവരെ എല്ലാം വെട്ടിപ്പിടിച്ചത്.അതിന് അയാളെ പ്രാപ്തനാക്കിയത് അയാൾ നടത്തിയ കഠിനാധ്വാനം മാത്രമാണ്,അതിനുള്ള ചാലകശക്തിയായി പ്രവർത്തിച്ചത് അയാൾ സംഭരിച്ച അറിവുകളും അയാളുടെ നിരീക്ഷണബോധവും മാത്രമാണ്.

ഒരുപക്ഷേ ആദ്യചിത്രം വലിയ വിജയമായിരുന്നെങ്കിൽ,തന്നെ തേടിയെത്തുന്ന ചിത്രങ്ങളിലെ കഥാപാത്രവൈവിധ്യം കണ്ടെത്താനോ തനിക്ക് Exciting ആയ റോളുകൾ തേടിപ്പിടിക്കാനോ സാധിക്കാതെ,തേടി വരുന്ന വേഷങ്ങൾ മാത്രം ചെയ്ത് തന്റെ Comfortzone Maintain ചെയ്ത് ശാന്തി കഴിച്ചിരുന്ന ഒരു ശരാശരി നടനായി മാത്രം അയാൾ ഒതുങ്ങിയേനെ!!

രണ്ടാം വരവിലെ ഫഹദിനെ കണ്ട് ഇത് കയ്യെത്തും ദൂരത്തിലെ സച്ചിനാണെന്ന് പ്രേക്ഷകര്‍ തിരിച്ചറിഞ്ഞിരുന്നില്ല എന്നത് വാസ്തവമാണ്.എങ്കിലും രണ്ടാം വരവിന്റെ തുടക്കത്തില്‍ ഫഹദിന്റെ കഥാപാത്രങ്ങള്‍ ആധുനിക നാഗരികയുവത്വത്തെയാണ് കൂടുതലും പ്രതിനീധീകരിച്ചിരുന്നത്.വില്ലന്‍ കൂടിയായ നായകനായിരുന്നു ഫഹദ് മിക്ക ചിത്രങ്ങളിലും,ഒപ്പം ധനമോഹിയും എന്തിനെയും ലാഭക്കൊതിയോടെ മാത്രം സമീപിക്കുകയും ചെയ്യുന്ന,കുടുംബപശ്ചാത്തലത്തെക്കുറിച്ച് കൂടുതല്‍ വിശദീകരിക്കാത്ത പ്രായോഗികമതിയായ നാഗരിക യുവാവായി ഫഹദ് അക്കാലത്ത് ബ്രാന്‍ഡ് ചെയ്യപ്പെട്ടു. കോക്‌ടെയില്‍,ചാപ്പാക്കുരിശ്, ട്വന്റി ടു ഫീമെയില്‍ കോട്ടയം,ഡയമണ്ട് നെക്‌ലേസ് തുടങ്ങി സാമ്പത്തികവിജയങ്ങളായ മിക്ക ഫഹദ് ചിത്രങ്ങളിലും അദ്ദേഹത്തിന് ഈ സ്വഭാവമുള്ള കഥാപാത്രങ്ങളായിരുന്നു.

അത് ഫഹദിനെ അത്തരം വേഷങ്ങള്‍ക്ക് മാത്രം പറ്റിയ നടന്‍ എന്ന ആരോപണത്തിന് വിധേയനാക്കിയിരുന്നു. എന്നാൽ ആ ഇമേജ് ഡെമോക്ലിസിന്റെ വാൾ പോലെ അയാളുടെ കരിയറിൽ ചോദ്യചിഹ്നമായി നിൽക്കുന്ന വേളയിലാണ്,ആ ഇമേജിനെ അനായാസം പൊളിച്ച് ഫ്രൈഡേയിലെ ബാലു എന്ന സാധാരണക്കാരനായ ഓട്ടോറിക്ഷ ഡ്രൈവറുടെ കഥാപാത്രത്തിലൂടെ ഫഹദ് വീണ്ടും വിസ്മയിപ്പിത്.അതോടെ ഏത് വേഷവും അതിന്റെ സ്വാഭാവികതക്ക് അനുസൃതമായി അഭിനയിക്കാൻ കഴിയുന്ന നടനായി ഫഹദ് ശരിക്കും പരുവപ്പെടുകയായിരുന്നു

ചാപ്പക്കുരിശ് തൊട്ട് അതിരൻ വരെയുള്ള സിനിമകൾ ഫഹദിന്റെ പ്രകടനം കൊണ്ടും, തിരക്കഥയുടെ ബലം കൊണ്ടും വിജയങ്ങളായ ചിത്രങ്ങളാണ്.നടന്‍ എന്ന നിലയില്‍ യുവതാരങ്ങള്‍ക്കിടയില്‍ ഓരോ ചിത്രം കഴിയും തോറും ഫഹദ് വേറിട്ട് നിൽക്കുന്നു.ഏത് തരം കഥാപാത്രത്തെയും വിശ്വസിച്ച് ഏല്‍പ്പിക്കാവുന്ന ആള്‍ എന്ന ഇമേജ് രണ്ടാം വരവില്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഫഹദ് നേടിയെടുത്തു. മലയാളത്തില്‍ അത്രകാലം പരിചിതമല്ലാതിരുന്ന നടപ്പ് രീതിയിൽ നിന്ന് വേറിട്ട ഒന്നായിരുന്നു ഫഹദിന്റെ അഭിനയ ശൈലി.ഒന്നിനൊന്നു വ്യത്യസ്തമായ കഥാപാത്രങ്ങളിളെ തേടിപ്പിടിച്ച് സൂക്ഷ്മാഭിനയത്തിന്റെ വിവിധ തലങ്ങളെ ഫഹദ് അവതരിപ്പിച്ചു.

തന്റെ രൂപം,തന്റെ ശബ്ദം,തന്റെ ചലനങ്ങള്‍,അംഗവിക്ഷേപങ്ങൾ എല്ലാം കഥാപാത്രങ്ങള്‍ക്കനുസരിച്ച് പരുവപ്പെടുത്തി,ഒട്ടും അമിതമാകാത്ത ഭാവങ്ങളിലൂടെ ഫഹദ് പകര്‍ത്തി.തന്റെ കഥാപാത്രത്തിന്റെ സ്‌ക്രീൻ പ്രസൻസിനെക്കാൾ ഉപരി,തന്നെ Excit ചെയ്യിക്കുന്ന സിനിമകളുടെ ഭാഗമാകാൻ എന്നും ഫഹദ് ശ്രമിക്കുന്നു എന്നത് മറ്റ് നടന്മാർ കണ്ട് പഠിക്കേണ്ട കാര്യം തന്നെയാണ്..22 FK പോലുള്ള ഒരു സിനിമയിലെ വേഷം ചെയ്യാൻ മറ്റ് ഭാഷയിലെ നടന്മാർ തയ്യാറായില്ല എന്ന് അതിന്റെ തമിഴ് റീമേക്കിന്റെ സംവിധായിക പറഞ്ഞത് കൂടി കൂട്ടി വായിക്കുമ്പോഴാണ് അഭിനയത്തെ എത്രമാത്രം Passionate ആയിട്ടാണ് ഫഹദ് സമീപിക്കുന്നത് എന്ന് മനസ്സിലാകുക

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് രണ്ടായിരത്തി പതിമൂന്നില്‍ റിലീസ് ചെയ്ത ഒരു ഇന്ത്യന്‍ പ്രണയകഥയിലെ അയ്മനം സിദ്ധാര്‍ത്ഥന്‍ എന്ന കഥാപാത്രം ഫഹദിന്റെ ഇമേജ് ബ്രേക്കർ എന്ന വിശേഷണത്തിന് അർഹതയുള്ള കഥാപാത്രമായാണ് തോന്നിയിട്ടുള്ളത്.തമാശയും തനിക്ക് നന്നായി വഴങ്ങും എന്ന് സിദ്ധാര്‍ത്ഥനിലൂടെ ഫഹദ് തെളിയിച്ചു.കുടുംബപ്രേക്ഷകര്‍ ഫഹദിനെ സ്വീകരിച്ചു തുടങ്ങുന്നത് ഈ ചിത്രത്തോടെയാണ്.പക്ഷേ ഇന്ത്യന്‍ പ്രണയകഥയ്ക്ക് ശേഷം പ്രതീക്ഷയോടെ വന്ന പല ഫഹദ് ചിത്രങ്ങളും കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല.

ഒളിപ്പോര്,വണ്‍ ബൈ ടു,ഗോഡ്‌സ് ഓണ്‍ കണ്‍ട്രി,ബാംഗ്ലൂര്‍ ഡേയ്‌സ്,മണിരത്‌നം,ഇയ്യോബിന്റെ പുസ്തകം,മറിയം മുക്ക്,ഹരം,അയാൾ ഞാനല്ല,മണ്‍സൂണ്‍ മാംഗോസ് എന്നിവയില്‍ ബാംഗ്ലൂര്‍ ഡേയ്‌സും, ഇയ്യോബിന്റെ പുസ്തകവുമാണ് വിജയമായത്.അതില്‍ തന്നെ ബാംഗ്ലൂര്‍ ഡേയ്‌സില്‍ മൂന്നു നായകന്‍മാരിലൊരാള്‍ മാത്രമായിരുന്നു ഫഹദ്.മറിയം മുക്കിലെ മുക്കുവന്‍ കഥാപാത്രം ഫഹദിന്റെ കരിയറിലെ മറ്റൊരു വ്യത്യസ്ത കഥാപാത്രമാകേണ്ടത് ആയിരുന്നു.പക്ഷേ വീരനായക പരിവേഷത്തിന്റെ നിഴലുകള്‍ വീണ ഫഹദിന്റെ ആദ്യ കഥാപാത്രവും അതിലെ ഫെലിക്‌സാണ്.

തുടര്‍ച്ചയായ പരാജയങ്ങളും, ന്യൂ ജനറേഷന്‍ നായകന്‍ എന്ന പേരും ചേര്‍ന്ന് സൃഷ്ടിച്ച പ്രതിസന്ധികളില്‍ നിന്ന് കരകയറുവാനുള്ള ഫഹദിന്റെ ശ്രമങ്ങള്‍ ഫലം കണ്ടത് 2016 ന്റെ തുടക്കത്തില്‍ റിലീസ് ചെയ്ത മഹേഷിന്റെ പ്രതികാരമാണ്.ഈ ചിത്രമാകട്ടെ ന്യൂ ജന്‍ ഘടകങ്ങളൊന്നുമില്ലാത്ത തനിഗ്രാമീണ പശ്ചാത്തലത്തിലുള്ള,നിഷ്‌കളങ്കരായ മനുഷ്യരുടെ കഥയായിരുന്നു താനും.അത് ഫഹദിന് പുതു ജീവന്‍ നല്‍കി.ഒപ്പം ന്യൂ ജനറേഷന്‍ നായകന്‍ എന്ന ഭാരത്തില്‍ നിന്ന് ഫഹദ് പുറത്തു കടക്കുകയും ചെയ്തു എന്നും കരുതാം.ചിത്രത്തിലെ മഹേഷ് ഭാവന എന്ന ഫോട്ടോഗ്രാഫര്‍ ഫഹദിന് സമ്മാനിച്ചത് തന്റെ കരിയറിലെ ഏറ്റവും വലിയ തീയേറ്റര്‍ കളഷന്‍ കൂടിയായിരുന്നു.

മഹേഷിന്റെ പ്രതികാരത്തിനു ശേഷം ഫഹദ് നടത്തിയ ഒരു പ്രഖ്യാപനം തീര്‍ത്തും ശ്രദ്ധേയമാണ്.താനിനി വര്‍ഷത്തില്‍ ഒരു ചിത്രത്തില്‍ മാത്രമേ അഭിനയിക്കൂ എന്ന് ഫഹദ് പറഞ്ഞപ്പോള്‍ അത് കരിയറിന്റെ യൗവനത്തില്‍ മലയാളത്തില്‍ മറ്റൊരു നടനും കാണിച്ചിട്ടില്ലാത്ത ചങ്കൂറ്റത്തിന്റെ കൂടി പ്രതീകമായി.പരമാവധി ചിത്രങ്ങളിലൂടെ തങ്ങളുടെ താരസാന്നിധ്യമുറപ്പിക്കാന്‍ നായകനടന്‍മാര്‍ കിണഞ്ഞു ശ്രമിക്കുന്നിടത്താണ് വലിയ വിജയം നല്‍കിയ ആത്മവിശ്വാസത്തിന്റെ തണലില്‍ നില്‍ക്കുമ്പോള്‍ ഫഹദ് ഇങ്ങനെ പ്രഖ്യാപിച്ചത് എന്നോര്‍ക്കുക.

ഫഹദ് ഒരിക്കലും ന്യൂജനറേഷന്‍ എന്ന ടാഗ്‌ലൈന്‍ മൂലം ജനകീയനായ താരമല്ല.ആ ടാഗ്‌ലൈന്‍ ഫഹദിനെ ഒരിക്കൽ ബ്രാന്‍ഡ് ചെയ്തുവെങ്കിലും ഫഹദിനെ യുവാക്കളുടെ പ്രേക്ഷകവൃത്തത്തിനപ്പുറം ജനകീയനാക്കിയത് ഒരു ഇന്ത്യന്‍ പ്രണയകഥ, ബാംഗ്ലൂര്‍ ഡേയ്‌സ്,തുടങ്ങി കുംഭവരയുള്ള മലയാളത്തിലെ കമേഴ്‌സ്യല്‍ കച്ചവട ശൈലിയിലുള്ള ചിത്രങ്ങളാണ് എന്നതില്‍ തര്‍ക്കമില്ല.മഹേഷ് തൊട്ട് അതിരൻ വരെയുള്ള സിനിമകൾ സാമ്പത്തിക വിജയം നേടിയത്(Except കാർബൺ) മിനിമം ഗ്യാരന്റി നടൻ എന്ന ചുരുക്കെഴുത്തിലേക്ക് അയാൾ വളർന്നതിന്റെ കഥയും പറയുന്നു.ചുരുക്കത്തില്‍ ന്യൂ ജനറേഷന്‍ എന്ന വിശേഷണത്തിന്റെ ആരവങ്ങള്‍ കെട്ടടങ്ങിയെങ്കിലും ആ ബ്രാന്‍ഡിനു കീഴില്‍ നിന്ന് പുതിയ പ്രതീക്ഷകളുമായി ഫഹദ് പുറത്തുകടന്നിരിക്കുന്നു എന്ന് തന്നെ പറയാം

വാഴ്‌ത്തുപാട്ടുകളും ഏറ്റുപറച്ചിലുകളും അയാൾക്ക് ഏശില്ല..കാരണം അയാൾ ആൾക്കൂട്ടആരവങ്ങളിൽ നിന്നെല്ലാം ഒഴിഞ്ഞു നടക്കുന്ന മനുഷ്യനാണ്.തന്റെ പ്രകടനങ്ങളിലൂടെ മാത്രം പ്രേക്ഷകരോട് സംവദിക്കാൻ ആഗ്രഹിക്കുന്ന അഭിനേതാവാണ്.ഈ ലാളിത്യവും നിരീക്ഷണബോധവും തന്നെയായിരിക്കും എന്ത് കൊണ്ട് ആരാധകസംഘടന രൂപീകരിച്ചില്ല എന്ന് സുരാജ് വെഞ്ഞാറമൂട് ഒരിക്കൽ ചോദിച്ചപ്പോൾ അവര് പിള്ളേരല്ലേ ചേട്ടാ..അവര് പഠിക്കട്ടെ എന്ന് പറയാൻ അയാളെ പ്രാപ്‌തനാക്കിയ പ്രധാനഘടകം

അയാളുടെ കഥാപാത്രങ്ങൾ നമുക്കിടയിൽ ജീവിക്കുന്ന ആരെല്ലാമോ ആണ്..പ്രകാശനും ഷമ്മിയും പ്രസാദും അങ്ങനെ എല്ലാവരും ജീവിതത്തിന്റെ പല ഘട്ടങ്ങളിലും നാം തന്നെയെന്ന് തോന്നിക്കുമാറ്,അല്ലെങ്കിൽ നമുക്ക് പരിചിതമെന്ന് തോന്നിക്കുമാറുള്ള ആരെയൊക്കെയോ ആണ്.. ലാളിത്യത്തെ അയാൾ പ്രതിനിധാനം ചെയ്യുന്നത് കൊണ്ടാണ് അയാളിലെ ബഹുഭൂരിപക്ഷം കഥാപാത്രങ്ങളും ഇപ്പോഴും നമ്മുടെ Comfortzoneന്റെ അരിക് ചേർന്ന് വിരാജിക്കുന്നതും.