ഞാന്‍ കൊവിഡ് രോഗിയാണ്… എന്നെ ചികിത്സിക്കണം: ബംഗ്ലാദേശില്‍ നിന്നും യുവാവ് പുഴനീന്തിക്കടന്ന് ഇന്ത്യയിലെത്തി

single-img
27 April 2020

ബംഗ്ലാദേശില്‍ നിന്നും പുഴനീന്തിക്കടന്ന് ഇന്ത്യയിലെത്തിയ യുവാവ് തന്നെ ചികിത്സിക്കാൻ ഇന്ത്യൻ അധികൃതരോടു അഭ്യർത്ഥിച്ചു. അബ്ദുള്‍ ഹക്കീം എന്ന് പേരുള്ള 30കാരനാണ് അസമിലെ അതിര്‍ത്തി പ്രദേശത്തുള്ള കുഷിയാര നദി നീന്തിക്കടന്ന് ഞായറാഴ്ച രാവിലെ ഇന്ത്യയില്‍ എത്തിയത്. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഉടന്‍ തന്നെ ബി.എസ്.എഫ് സേനാംഗങ്ങളെ വിവരമറിയിക്കുകയും തുടര്‍ന്ന് ഇവര്‍ ഇയാളെ പിടികൂടി ചോദ്യം ചെയ്യുകയും ചെയ്തു.

 ‘ഞാന്‍ കൊവിഡ് രോഗിയാണ്… എന്നെ ചികിത്സിക്കണം…’ എന്നായിരുന്നു ഇയാൾ പറഞ്ഞത്. തനിക്ക് കൊവിഡ് രോഗമുണ്ടെന്നും ബംഗ്ലാദേശിലെ സുനംഗഞ്ച് സ്വദേശിയാണ് താനെന്നും രോഗത്തിന് ചികിത്സ തേടിയാണ് താന്‍ നദി നീന്തിക്കടന്നതെന്നുമായിരുന്നു ഇയാള്‍ ബി.എസ്.എഫുകാരോട് പറഞ്ഞത്. 

കടുത്ത പനിയും ആരോഗ്യ പ്രശ്‌നങ്ങളും ഇയാള്‍ക്ക് ഉണ്ടായിരുന്നതായി ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ പറയുന്നു.എന്നാല്‍ ഇയാള്‍ക്ക് കൊവിഡ് തന്നെയാണോ ഉള്ളതെന്ന കാര്യം വ്യക്തമല്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 

ബിഎസ്എഫുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ബംഗ്ലാദേശില്‍ നിന്ന് അധികൃതര്‍ ബോട്ടിലെത്തി ഇയാളെ തിരികെ കൊണ്ടു പോകുകയായിരുന്നു. അതേസമയം യുവാവ് കൊവിഡ് ബാധിതനാണെന്ന് പറഞ്ഞതിനാല്‍ ഈ മേഖലയിലെ ജനങ്ങള്‍ ഭീതിയിലാണെന്നാണ് റിപ്പോർട്ടുകൾ.