സംഘടിത സൈബര്‍ ആക്രമണത്തിന്റെ ഭാഗം; സോഷ്യൽ മീഡിയയിലെ വ്യാജ പോസ്റ്റിനെതിരെ നിയമനടപടിക്ക് നടി മാലാ പാര്‍വതി

single-img
27 April 2020

സോഷ്യൽ മീഡിയയായ ഫേസ്ബുക്കിൽ തന്റെ പേരില്‍ വന്ന വ്യാജ പോസ്റ്റിനെതിരെ നിയമനടപടിക്കൊരുങ്ങി നടി മാലാ പാര്‍വതി. യുവത എന്ന് പേരുള്ള ഒരു ഫേസ്ബുക്ക് പേജിലാണ് മാലാ പാര്‍വ്വതി പറഞ്ഞു എന്ന രീതിയിൽ വ്യാജ പ്രചരണം നടത്തിയത്. ‘മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയായ ശേഷം മാത്രമേ അഭിനയ രംഗത്ത് തുടരുകയുള്ളു’ എന്ന് മാലാ പാര്‍വ്വതി പറഞ്ഞതായി ഫേസ്ബുക്ക് പേജില്‍വന്നിരുന്നു.

എന്നാൽ, താന്‍ പറയാത്ത കാര്യങ്ങളാണ് പോസ്റ്റില്‍ പരാമര്‍ശിച്ചിരിക്കുന്നതെന്നും തന്റെ ചിത്രം ഉപയോഗിച്ച് ഇത്തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്നും മാലാ പാര്‍വ്വതി പറഞ്ഞു. മാത്രമല്ല, തനിക്കെതിരെ നടക്കുന്നത് സംഘടിതമായ സൈബര്‍ ആക്രമണത്തിന്റെ ഭാഗമാണെന്നും താന്‍ പരാമര്‍ശം നടത്തിയിട്ടില്ലെന്നും നടി പറഞ്ഞു.

യുവത എന്ന പേജിൽ വന്നതാണ് താഴെ കൊടുത്തിരിക്കുന്ന സ്ക്രീൻ ഷോർട്ടുകൾ. ഞാൻ പറയാത്ത കാര്യങ്ങളാണ്. എന്റെ ചിത്രം സഹിതം ഇത്തരം…

Posted by Maala Parvathi on Sunday, April 26, 2020

“കഴിഞ്ഞ ദിവസംവൈകുന്നേരത്തോടെയാണ് ഇത്തരത്തിലൊരു പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടത്. ഇത് സംഘടിതമായ സൈബര്‍ ആക്രമണത്തിന്റെ ഭാഗമാണ്. വിഷയാധിഷ്ഠിതമായി സര്‍ക്കാരിനോട് ആഭിമുഖ്യം പുലര്‍ത്തുന്ന പോസ്റ്റുകള്‍ ഇടാറുണ്ട്. അങ്ങിനെ അല്ലാതെയും ചെയ്യാറുണ്ട്. ഇപ്പോൾ യുവതയില്‍ വന്ന പോസ്റ്റ് പൂര്‍ണമായും തെറ്റി ധരിപ്പിക്കപ്പെടുന്നതാണ്,’ മാലാ പാര്‍വ്വതി പറഞ്ഞു.

താൻപറയുന്നത് ന്യായമായാലും അന്യായമായാലും പറയുന്ന കാര്യം മാത്രം എന്റെ പേര് വെച്ച് പോയാല്‍ മതിയെന്നും മാലാ പാര്‍വ്വതി പറഞ്ഞു. അതിനാലാണ് നിയമനടപടികളിലേക്ക് പോകുന്നതെന്നും അവര്‍ വ്യക്തമാക്കി.