സ്പ്രിംഗ്ലര്‍ ; കോടതി ശരിവെച്ചത് പ്രതിപക്ഷം ആവശ്യപ്പെട്ട കാര്യങ്ങള്‍: രമേശ്‌ ചെന്നിത്തല

single-img
26 April 2020

സ്പ്രിംഗ്ലര്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് അനുകൂലമായി ഒരു വരിയും വിധിന്യായത്തിലില്ലെന്നും പ്രതിപക്ഷം ഉയര്‍ത്തിയ 99 ശതമാനം കാര്യങ്ങളും കോടതി അംഗീകരിച്ചിരിക്കുകയാണെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കമ്പനിക്ക് ഡാറ്റ കൈമാറി എന്ന കാര്യം സര്‍ക്കാരിന് കോടതിയില്‍ സമ്മതിക്കേണ്ടിവന്നു.

സംസ്ഥാന സര്‍ക്കാര്‍ എടുത്ത നടപടികളെ ശക്തമായി വിമര്‍ശിക്കുന്നതാണ് ഹൈക്കോടതിയുടെ പരമാര്‍ശങ്ങളും വിധിന്യായത്തിലുള്ള വസ്തുതകളെന്നും ചെന്നിത്തല പറയുന്നു. കഴിഞ്ഞ ദിവസം ഇടക്കാല വിധിയാണ് ഹൈക്കോടതിയില്‍നിന്ന് ഉണ്ടായിരിക്കുന്നത്. അടുത്ത മൂന്ന് ആഴ്ചകള്‍ക്കു ശേഷം വിശദമായ വാദം കേട്ട് അന്തിമ വിധി പറയുമെന്നാണ് കോടതി പറഞ്ഞിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

അതേപോലെ തന്നെ സര്‍ക്കാര്‍ അഭിഭാഷകരൊക്കെ ഉള്ളപ്പോഴാണ് ലക്ഷങ്ങള്‍ കൊടുത്ത് ഈ കേസ് വാദിക്കാന്‍ മുംബൈയില്‍നിന്ന് അഭിഭാഷകയെ കൊണ്ടുവരേണ്ട സാഹചര്യം സര്‍ക്കാരിനുണ്ടായതെന്നും ചെന്നിത്തല ആരോപിച്ചു. ഈ കരാറിനെ സി പി ഐ അംഗീകരിക്കുന്നില്ല. പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങള്‍ സി പി ഐ പോലും ശരിവച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.