വിവാദങ്ങളുടെ പേരില്‍ ശരിയായ ഒരു നടപടിയും പിന്‍വലിക്കില്ല: മുഖ്യമന്ത്രി

single-img
26 April 2020

വിവാദം ഉണ്ടായി എന്ന കാരണത്താല്‍ ഒരു നടപടിയും ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷയങ്ങളില്‍ ശരിയും തെറ്റും ജനത്തിന് തിരിച്ചറിയാമെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ നിറഞ്ഞുനിന്ന സ്പ്രിംക്ലര്‍ വിവാദത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ‘നാം മുന്നോട്ട്’ എന്ന പ്രതിവാര സംവാദപരിപാടിയില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.

‘ഞാന്‍ മുന്‍പേതന്നെ പ്രഖ്യാപിച്ച ഒരു കാര്യമുണ്ട്. ശരിയല്ലാത്ത ഒരു വിവാദത്തിന്റെയും കാരണത്താല്‍ ശരിയായ ഒരു നടപടിയും പിന്‍വലിക്കില്ല എന്ന്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ആ ഒരു നിലപാട് തന്നെയാണ് സ്വീകരിച്ചു വരുന്നത്.

ചില വിവാദ വ്യവസായികള്‍ അവരുടെ മനസ്സില്‍ കെട്ടിച്ചമച്ചുണ്ടാക്കുന്ന ആക്ഷേപങ്ങള്‍ പരസ്യമായി ഉയര്‍ത്തിയാല്‍ അതിന്റെ മീതെ ഏതെങ്കിലും പദ്ധതികള്‍ ഉപേക്ഷിക്കുക എന്ന രീതിയില്‍ ഒരു നിലപാട് ഒരു സര്‍ക്കാറിന് സ്വീകരിക്കാന്‍ പറ്റില്ല എന്നു തന്നെയാണ് സര്‍ക്കാരിന്റെ ദൃഢമായ അഭിപ്രായം’, മുഖ്യമന്ത്രി പറഞ്ഞു.