കോട്ടയം ജില്ലയില്‍ ആരോഗ്യപ്രവർത്തകർക്ക് ഉൾപ്പെടെ കോവിഡ്; സ്ഥിതി ആശങ്കാജനകമെന്ന് കളക്ടര്‍

single-img
26 April 2020

ഇന്ന് അഞ്ച് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ച കോട്ടയം ജില്ലയിലെ സ്ഥിതി ആശങ്കാജനകമെന്ന് ജില്ലാ കളക്ടര്‍  പി കെ സുധീർ ബാബു. ജില്ലയില്‍ തല്‍ക്കാലം ലോക്ക് ഡൗണ്‍ ഇളവുകൾ ഇല്ലെന്നും അവശ്യ വസ്തുക്കളും മരുന്നുകടകളും മാത്രം തുറക്കുമെന്നും കളക്ടര്‍ അറിയിച്ചു. ഹോട്ട്‍ സ്‍പോട്ടുകളില്‍ ഉള്‍പ്പെടുന്ന സർക്കാർ ഓഫീസുകളും പ്രവർത്തിക്കില്ല.

ജില്ലയിലെ വിജയപുരം, പനച്ചിക്കാട്, തലയോലപ്പറമ്പ്, വെള്ളൂർ, കിടങ്ങൂർ, അയ്മനം, മണർകാട് പഞ്ചായത്തുകൾ തീവ്രബാധിത പ്രദേശങ്ങളുടെ പട്ടികയിലാണ്. ഇതിന് പുറമേ കോട്ടയം മുനിസിപ്പാലിറ്റിയിലെ അഞ്ച് വാർഡുകളും തീവ്രബാധിത പ്രദേശങ്ങളുടെ പട്ടികയിലുണ്ട്. ഏതാനും നാള്‍ മുന്‍പ് വരെ ഗ്രീൻ സോണായിരുന്ന കോട്ടയത്ത് ആരോഗ്യപ്രവർത്തകർക്ക് ഉൾപ്പെടെ കോവിഡ് ബാധിച്ചതോടെ ജില്ലാ ഭരണകൂടം ആശങ്കയിലാണ്.

ഇന്ന് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരില്‍ ഒളശ്ശ സ്വദേശിയും തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന കിടങ്ങൂർ സ്വദേശിനിയും ആരോഗ്യപ്രവര്‍ത്തകരാണ്. ഇവര്‍ രണ്ടുപേരും ചുമയെത്തുടർന്ന് ചികിത്സ തേടുകയായിരുന്നു. മറ്റൊരാള്‍ തമിഴ്നാട്ടിൽ നിന്നും വന്നപ്പോള്‍ ബാക്കിയുള്ള രണ്ട് പേർക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്.