അനുമതിയില്ലാതെ വീഡിയോകള്‍ നിര്‍മ്മിക്കരുത്; പോലീസിന് നിയന്ത്രണവുമായി ഡിജിപി

single-img
26 April 2020

സംസ്ഥാനത്തെ പോലീസ് സ്വന്തമായി നിര്‍മ്മിക്കുന്ന വീഡിയോകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. ഡിജിപി, എഡിജിപിമാര്‍ എന്നിവരുടെ അനുമതിയില്ലാതെ വീഡിയോകള്‍ നിര്‍മ്മിക്കരുതെന്നാണ് പുതിയ ഉത്തരവ്. ഇപ്പോള്‍ പോലീസ് ഉദ്യോഗസ്ഥര്‍ കൊവിഡ് പശ്ചാത്തലത്തില്‍ സ്വന്തം നിലയില്‍ വീഡിയോകള്‍ നിര്‍മ്മിക്കുന്ന സാഹചര്യത്തിലാണ് ഈ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അതേപോലെ പോലീസിന്റെ കലാ പ്രകടനങ്ങളുടെ വീഡിയോകളും നിര്‍മ്മിക്കരുതെന്നും ഉത്തരവില്‍ പറയുന്നു. ഇതേവരെ പോലീസ് മീഡിയാ സെന്ററിന്റെ കീഴില്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ മുന്നൂറിലധികം വീഡിയോകള്‍ പുറത്തിറക്കിയിരുന്നു.

പോലീസ് സേനയിലെ കോണ്‍സ്റ്റബിള്‍ മുതല്‍ മുതിര്‍ന്ന ചുമതലയിലുള്ള ഉദ്യോഗസ്ഥര്‍ വരെ വീഡിയോകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയിരുന്നു. മാത്രമല്ല, വീഡിയോകള്‍ക്കായി പോലീസ് ചലച്ചിത്ര താരങ്ങളെ ഉള്‍പ്പെടെ സമീപിച്ചിരുന്നു. ഇതോടുകൂടി ഉദ്യോഗസ്ഥരുടെ കൂടുതല്‍ ശ്രദ്ധ വീഡിയോ നിര്‍മ്മാണത്തിലേക്ക് തിരിഞ്ഞിരിക്കുകയാണെന്ന് വകുപ്പിനുള്ളില്‍നിന്നുതന്നെ പരാതി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് പോലീസ് മേധാവി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അടുത്തിടെ കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാന പോലീസ് നിര്‍മ്മിച്ച വീഡിയോകള്‍ എല്ലാംതന്നെ വലിയ പ്രചാരം നേടുകയും അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വരെ ഇത് വാര്‍ത്തായാവുകയും ചെയ്തിരുന്നു.