പ്രവാസികളെ പ്രത്യേക വിമാനത്തില്‍ തിരികെ എത്തിക്കണം; പ്രധാനമന്ത്രിക്ക് കത്തെഴുതി യുഡിഎഫ് എംപിമാർ

single-img
25 April 2020

കൊറോണ പ്രതിരോധ ഭാഗമായുള്ള ലോക്ക് ഡൗണിൽ ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങി പോയ പ്രവാസി ഇന്ത്യക്കാരെ പ്രത്യേക വിമാനത്തില്‍ തിരികെ എത്തിക്കണം എന്ന ആവശ്യവുമായി കേരളത്തിൽ നിന്നുള്ള 19 യുഡിഎഫ് എംപിമാർ പ്രധാനമന്ത്രിക്ക് കത്തയച്ചു.

നേരത്തെ തന്നെ എകെ ആന്റണി അടക്കമുള്ള കേരളത്തിൽ നിന്നുള്ള യുഡിഎഫ് രാജ്യസഭാ അംഗങ്ങളും ഈ ആവശ്യവുമായി പ്രധാനമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. സമാന സാഹചര്യത്തിൽ മറ്റു രാജ്യങ്ങളിൽ കുടുങ്ങി പ്പോയ പൗരന്മാരെ തിരികെ എത്തിക്കാൻ ഒട്ടുമിക്ക രാജ്യങ്ങളും ചാർട്ടേഡ് ഫ്‌ളൈറ്റുകൾ ഏർപ്പെടുത്തിയതായി കത്തിൽ ചൂണ്ടിക്കാട്ടി.

കേരളത്തിൽ നിന്നും ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് ഗൾഫ് രാജ്യങ്ങളിലുള്ളത്. അവരിൽ തന്നെ ലേബർ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ആവശ്യത്തിന് ഭക്ഷണമോ മരുന്നോ ലഭിക്കുന്നില്ല. മാത്രമല്ല, ക്യാമ്പുകളിൽ തിങ്ങിക്കൂടി കഴിയുന്നതിനാൽ സമൂഹ വ്യാപനത്തിനുള്ള സാധ്യതയുമുണ്ട്. വിദേശത് പോയവരിൽ വിസിറ്റിങ് വിസകളിൽ എത്തിയവരും അസുഖബാധിതരും ഗർഭിണികളും മുതിർന്ന പൗരന്മാരുമെല്ലാം നാട്ടിലേക്ക് മടങ്ങിയെത്താൻ കാത്തിരിക്കുകയാണ്.

ഇപ്പോൾ ഇവരിൽ പലരും സ്വന്തം ചെലവിൽ വരാൻ തയാറുമാണ്. ഈ പശ്ചാത്തലത്തിൽ എത്രയും വേഗം മുൻഗണനാടിസ്‌ഥാനത്തിൽ പ്രവാസി ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് യുഡിഎഫ് എം.പിമാർ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.