നാലു കോടി ഇന്ത്യക്കാർക്ക് സ്വന്തമായി ഫോണില്ലാതെ അവസ്ഥയുണ്ടാകും: മുന്നറിയിപ്പ്

single-img
25 April 2020

കൊറോണ വെെറസിൽ നിന്നും അതിജീവിക്കുവാൻ രാജ്യത്ത് കൊവിഡ് മുൻകരുതലായുള്ള ലോക്ക്ഡൗൺ തുടരുന്ന സാഹചര്യത്തിലുണ്ടാകുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങളായിരിക്കുമെന്ന് മുന്നറിയിപ്പ്. നാല് കോടി ഇന്ത്യക്കാർക്ക് സ്വന്തമായി ഫോണില്ലാതെ അവസ്ഥയുണ്ടാകുമെന്ന മുന്നറിയിപ്പുമായി രാജ്യത്തെ മൊബൈൽ ഫോൺ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയുടെ നിർമാതാക്കളുടെ കൂട്ടായ്മയായ ഇന്ത്യ സെല്ലുലാർ ആൻഡ് ഇലക്ട്രോണിക്സ് അസോസിയേഷൻ രംഗത്തെത്തി. 

രാജ്യത്ത് മൊബൈൽ ഫോൺ, അവയുടെ സ്പെയർ പാർട്ടുകൾ എന്നിവയുടെ വിൽപ്പന ഇനിയും പുനരാരംഭിച്ചില്ലെങ്കിൽ ഉപഭോക്താക്കളുടെ കൈയിലെ ഫോണുകൾക്ക് കേടുവരാൻ സാധ്യതയുണ്ടെന്നും അവ നശിച്ചുപോകാൻ ഇടയുണ്ടെന്നുമാണ്  ഐസിഇഎ ചൂണ്ടിക്കാട്ടുന്നത്. അതുവഴി ഫോണുകൾ തന്നെ ഇല്ലാതാകുന്ന അവസ്ഥയുണ്ടാകുമെന്നും അവർ പറയുന്നു. 

ഇന്റർനെറ്റ്, ടെലികോം മുതലയെ സേവനങ്ങൾ അവശ്യ സേവനങ്ങളുടെ കൂട്ടത്തിൽ കേന്ദ്രം പെടുത്തിയിട്ടുണ്ടെങ്കിലും സേവനങ്ങൾ ഉപയോഗിക്കുന്നതിന് ആവശ്യമായ ഫോണുകൾ അവശ്യ സേവനങ്ങളുടെ പട്ടികയിലില്ല.നിലവിൽ രാജ്യത്തെ 2.5 കോടി ജനങ്ങൾ ഈ അവസ്ഥയിലാണെന്നും ഐസിഇഎ പറയുന്നു. 

രാജ്യത്ത് ലോക്ക്ഡൗൺ അഞ്ചാമത്തെ ആഴ്ചയിലേക്ക് കടക്കുകയാണ്. ഫോണുകൾ വിൽക്കുന്നതിനായി ഓൺലൈൻ സേവനങ്ങളും ഇ-കോമേഴ്‌സ് സാദ്ധ്യതകളും ഉപയോഗപ്പെടുത്താവുന്നതാണെന്നും കമ്പനി നിർദേശിക്കുന്നു. ഈ ആവശ്യവുമായി പ്രധാനമന്ത്രി അടക്കമുള്ള കേന്ദ്ര സർക്കാർ പ്രതിനിധികളെ തങ്ങൾ സമീപിച്ചുവെന്നും ഐസിഇഎ ചൂണ്ടികാണിക്കുന്നുണ്ട്. 

കേന്ദ്രത്തിന്റെ കൊവിഡ് ട്രാക്കിംഗ് ആപ്പായ ‘ആരോഗ്യ സേതു’ ഉപയോഗിക്കാനും മൊബൈൽ ഫോണുകൾ വേണ്ടതാണെന്നും ഐ.സി.ഇ.എ പറയുന്നു. ഫോക്സ്കോൺ, ആപ്പിൾ, ഷവോമി തുടങ്ങിയ നിരവധി ഫോൺ നിർമാതാക്കളാണ് ഐ.സി.ഇ.എയിൽ അംഗങ്ങളായിട്ടുള്ളത്. നിലവിൽ രാജ്യത്ത് 85 കോടി പേരാണ് മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.