കോഴിക്കോട്ടെ പുനരധിവാസ ക്യാമ്പില്‍ കഴിഞ്ഞയാള്‍ക്ക് കൊവിഡ് ; ഉയർന്നഉദ്യോഗസ്ഥരടക്കം നൂറിലേറെ പേര്‍ നിരീക്ഷണത്തില്‍

single-img
25 April 2020

കോഴിക്കോട് ജില്ലയിൽ ഉന്നത ഉദ്യോഗസ്ഥരടക്കമുള്ളവര്‍ കൊറോണ നിരീക്ഷണത്തില്‍. ഇവർ കൊവിഡ് ബാധിതനുമായി സമ്പര്‍ക്കം പുലര്‍ത്തിയെന്ന സംശയത്തിന്‍മേലാണ് നടപടി.ഇതിനെ തുടർന്ന് നൂറിലേറെ പേരെയാണ് നിരീക്ഷണത്തിലാക്കിയിരിക്കുന്നത്. ജില്ലയിലെ സാമൂഹ്യക്ഷേമ ഓഫീസറും സി.ഐയും സന്നദ്ധപ്രവര്‍ത്തകരും നിരീക്ഷണത്തിലാണ്.

കോഴിക്കോട് ജില്ലാ ആരോഗ്യവകുപ്പാണ് ഇതുസംബന്ധിച്ച പട്ടിക തയ്യാറാക്കി ഉദ്യോഗസ്ഥരോടും വോളണ്ടിയർമാരോടും ക്വാറന്‍റൈനിൽ കഴിയാൻ നിർദേശിച്ചത്. മെഡിക്കൽ കോളജ് കാമ്പസ് സ്‌കൂളിലെ കൊറോണ കെയർ സെന്‍ററിലുണ്ടായിരുന്ന തൃശിനാപ്പള്ളി സ്വദേശിക്കാണ് കഴിഞ്ഞദിവസം കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം കൊവിഡ് 19 സ്ഥിരീകരിച്ച മാനസിക വെല്ലുവിളി നേരിടുന്ന തമിഴ്‌നാട് സ്വദേശിയുമായി ഇവര്‍ സമ്പര്‍ക്കം പുലര്‍ത്തിയെന്നാണ് സംശയിക്കുന്നത്.

അല്പം മാനസികപ്രശ്‌നങ്ങളുള്ളയാളാണ് രോഗം സ്ഥിരീകരിച്ച തമിഴ്‌നാട് സ്വദേശി. ആറുപേരാണ് ഇയാൾക്കൊപ്പം മുറിയിലുണ്ടായിരുന്നത്. ഇവരെ ഇപ്പോൾ സമ്പൂർണ ഐസോലേഷനിലേക്ക് മാറ്റിയിട്ടുണ്ട്.
ഈ ക്യാമ്പിൽ മേൽനോട്ടത്തിനെത്തിയ മെഡിക്കൽ കോളജ് സ്‌റ്റേഷനിലെ എസ്‌ഐ ഉൾപ്പെടെ 24 പോലീസുകാർക്ക് തത്കാലം നിരീക്ഷണം വേണ്ടെന്നാണ് തീരുമാനം. രോഗിയുമായി നേരിട്ട് സമ്പർക്കം ഉണ്ടായിട്ടില്ലെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണിത്.

ഇപ്പോൾ ഇവരുടെ വിവരങ്ങൾ ആരോഗ്യവകുപ്പ് ശേഖരിച്ചിട്ടുണ്ട്. കേരളത്തിൽ ലോക്ക്ഡൗൺ ആരംഭിച്ചതിന്റെ പിറ്റേന്നാണ് മെഡിക്കൽ കോളജിലെ ക്യാമ്പ് തുടങ്ങിയത്. ആ സമയം 98 പേരാണ് ഇവിടെയുണ്ടായിരുന്നത്.