സ്വന്തം രാജ്യങ്ങളിൽ ആയിരക്കണക്കിനു കുഴിമാടങ്ങളൊരുങ്ങുമ്പോഴും പാശ്ചാത്യ ലോകം കാത്തിരിക്കുകയാണ്, കിമ്മിൻ്റെയും ഉത്തരകൊറിയയുടെയും തകർച്ച കാണാൻ

single-img
25 April 2020

നദാൽ ഹൊസൈനി-

കോവിഡ് ഭീതി ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞപ്പോൾ എരിവും പുളിയും അന്വേഷിച്ചു പോകുന്ന വക്രബുദ്ധികളാണെങ്ങും…അവിടെ, നിൽക്കുന്നിടത്ത് കൂട്ട കുഴിമാടങ്ങളൊരുങ്ങുമ്പോഴും പാശ്ചാത്യ മാധ്യമ ലോകത്തിന് മുമ്പത്തേപോലെ തന്നെ ഇപ്പോഴും കയ്യിൽ കിട്ടിയ ചാകരയാണ് കിം ജോംഗ് ഉൻ! ഉത്തര കൊറിയയിലെ പതിനാറടിയന്തിരത്തെക്കുറിച്ചുള്ള വേവലാതിയും…

ദക്ഷിണ കൊറിയയിലെ സോളിൽ പ്രവർത്തിക്കുന്ന ഡെയ്ലി എൻ കെ എന്ന ന്യൂസ് പോർട്ടലിൽ വന്ന വാർത്തയാണ് ഇപ്പോൾ കൊണ്ടാടുന്നത് ….ഉത്തര കൊറിയയുമായി ബന്ധപ്പെട്ട വാർത്തകളാണ് അതിലധികവും…അല്ല , ഉത്തര കൊറിയൻ വിരുദ്ധ വാർത്തകൾ മാത്രം …

ഒരുറപ്പുമില്ലാതെയാണ് കിം ഗുരുതരാവസ്ഥയിൽ എന്ന് CNN- പോലും ഡെയ്ലി എൻ കെ നോക്കി അടിച്ചത്… എല്ലാമറിയുന്ന ട്രമ്പിന് വരെ മാധ്യമങ്ങൾ പറഞ്ഞ അറിവേയുള്ളൂ … ദക്ഷിണ കൊറിയയും ചൈനയും വാർത്തകൾ തള്ളി…ഡെയ്ലി എൻ കെ യുടെ എക്സ്ക്ലുസീവ് ശരിയോ തെറ്റോ എന്ന് ഉത്തര കൊറിയ പറയുംവരെ അന്തരീക്ഷത്തിൽ പാറിനടക്കും… കിമ്മിന്റെ പത്ത് വയസുള്ള മകൻ പുതിയ ഭരണാധികാരിയാകും , ചിലപ്പോൾ സഹോദരി വർക്കേഴ്സ് പാർട്ടി അധ്യക്ഷയാകും… ഉത്തര കൊറിയ പറയുംവരെ എന്തും നടക്കും …

കോവിഡു കാലത്ത് ഇതാദ്യമായല്ല ഡെയ്ലി എൻ കെ ഉത്തര കൊറിയൻ എരിവു വാർത്ത പടച്ചുവിടുന്നത് … കിം ജോംഗ് ഉൻ ഉദ്ഘാടനം നിർവഹിച്ചതിന് പിന്നാലെ, പോംഗ്യാങ്ങിലെ ആശുപത്രി നിർമ്മാണത്തൊഴിലാളികൾ വിശപ്പടക്കാൻ മോഷണം നടത്തി എന്നായിരുന്ന ഒരൈറ്റം … പതിവ് അച്ചിൽ വാർത്ത വാർത്തകളും പിന്നാലെയെത്തി….ചോളം കൃഷി ചെയ്തതിന് വനംവകുപ്പ് ഉദ്യോഗസ്ഥനെ കൊന്നു! ആദ്യ കോവിഡ് രോഗിയെ വെടിവെച്ച് കൊന്നു! അങ്ങനെയങ്ങനെ…

എന്നാൽ ഈ കേട്ടതൊന്നും ഒന്നുമല്ല!

2014-ലെ കഥയിങ്ങനെ… -കിമ്മിന്റെ അച്ഛന്റെ സഹോദരിഭർത്താവിനെയും സഹായികളെയും തുണിയുരിച്ച് വിശക്കുന്ന പട്ടികൾക്കു മുമ്പിലിട്ടു… പട്ടികൾ അവരെ കൊന്നു തിന്ന് വിശപ്പകറ്റി -… രാജ്യദ്രോഹക്കുറ്റത്തിന് അമ്മാവനെ തൂക്കിലേറ്റിയെന്നത് ശരിതന്നെ… എന്നാൽ പട്ടികൾക്ക് തിന്നാൻ കൊടുത്തു എന്നത് സോഷ്യൽ മീഡിയയിലെ തമാശ പോസ്റ്റ് കണ്ട് ഹോങ്കോങ്ങിലെ ഒരു ടാബ്ലോയിഡ് പത്രം അടിച്ചുവിട്ടതായിരുന്നു… ഇപ്പോഴും ആ നുണയങ്ങനെ ലോകം ചുറ്റി നടക്കുന്നു …

2013 – ൽ ഇറങ്ങിയ കഥയ്ക്ക് ആറ് വർഷം കഴിഞ്ഞപ്പോൾ മ്യാരക ട്വിസ്റ്റും ഉണ്ടായി …

2013ലെ കഥ – മുൻ കാമുകിയും ഗായികയുമായ ഹ്യോൻ സോംഗ് വോലിനെ വെടിവച്ചു കൊന്നു …

2019 – കിമ്മിനൊപ്പം ഹ്യോൻ ഒരു ഫാക്ടറിയിൽ നിൽക്കുന്ന ഫോട്ടോ പുറത്ത് വന്നു. അതു കണ്ടപ്പോൾ ഡെയ്ലി മെയിൽ ഇങ്ങനെ റിപ്പോർട്ട് ചെയ്തു…

“ആക്ച്വലി ഹ്യോനിനെയും വേറെ പത്ത് കലാകാരന്മാരെയും വെടിവെച്ചു കൊല്ലാൻ ഫയറിംഗ് സ്ക്വാഡിന് മുന്നിൽ കൊണ്ട് നിർത്തിയതാണ്…പത്ത് പേര് വെടി കൊണ്ട് മരിച്ചു… ഹ്യോൻ വെടിയുണ്ടകളെ കമ്പളിപ്പിച്ച് മുങ്ങി”….

എന്ത് കൂട്ടിയിട്ട് കത്തിച്ചാണാവോ വലിക്കണന്നെ സംശയം ന്യായമെന്ന് തോന്നിപ്പോകും !

എന്നാൽ കൂട്ടിയിട്ട് വലിക്കുന്നതൊന്നുമല്ല…നുണയെ ലോകം ചുറ്റാൻ വിടുന്നതാണ് ലാഭം…

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വെന്റിലേറ്ററിൽ എന്ന വാർത്ത ആദ്യം നൽകിയത് റഷ്യൻ ന്യൂസ് ഏജൻസി RIA ആയിരുന്നു… അഞ്ച് മിനിട്ടിനകം റഷ്യയുടെ വ്യാജ വാർത്തയെന്ന തരത്തിൽ ബ്രിട്ടീഷ് – അമേരിക്കൻ മാധ്യമങ്ങളെഴുതി… ഉത്തര കൊറിയയ്ക്കും ചൈനയ്ക്കും ഇറാനുമൊന്നും യൂറോപ്യൻ – അമേരിക്കൻ വിശാലത ഈ ആനുകൂല്യം നൽകാൻ ഉദ്ദേശിക്കുന്നില്ല!

കുറെയൊക്കെ ഉത്തര കൊറിയയും പഠിച്ചു തുടങ്ങിയിരിക്കുന്നു … അമേരിക്കയുമായുള്ള കരാർ പരാജയമായതിനെ തുടർന്ന് കിം ജോംഗ് ഉൻ വെടിവെച്ചിട്ടവരെ ഉത്തരകൊറിയയുടെ ഔദ്യോഗിക ടിവി ചാനലിലെ പുതിയ ഫൂട്ടേജുകളിൽ കിമ്മിനൊപ്പം തന്നെ ഇരിക്കുകയും നിൽക്കുകയും ചെയ്യുന്ന നിലയിൽ കണ്ടെത്തി!