കൊറോണകാലത്ത് ‘ ഹൃദയത്തെ കെട്ടിപ്പിടിച്ച്’ പിന്തുണ അറിയിക്കാൻ പുതിയ ‘കെയർ’ ഇമോജിയുമായി ഫേസ്ബുക്

single-img
25 April 2020

ഒരു സ്മൈലി കൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ പലപ്പോഴും നാം ആശയങ്ങൾ പങ്കുവയ്ക്കാറുള്ളത്. ദേഷ്യവും സ്നേഹവും ചിരിയും എല്ലാം ചിലപ്പോഴൊക്കെ വാക്കുകൾക്കതീതമായി പ്രകടിപ്പിക്കാൻ ഈ സ്മൈലികൾ നമ്മളെ സഹായിക്കാറുമുണ്ട്.കൊറോണ വൈറസ് പരന്ന് കൊണ്ടിരിക്കേ സന്ദർഭത്തിന് അനുയോജ്യമായി ‘കെയർ’ ഇമോജിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഫേസ്ബുക്ക്. ഫേസ്ബുക്കിലെ ഏഴാമത്തെ ഇമോജിയായി ആണ് ‘കെയർ’ എത്തിയിരിക്കുന്നത്. ലോക്ക് ഡൗണിനിടെ ‘ടെയ്ക്ക് കെയർ’ സന്ദേശം ഇഷ്ടപ്പെട്ടവരെ അറിയിക്കാൻ ഇനി കൂടുതൽ ബുദ്ധിമുട്ടേണ്ടതില്ല.

പോസ്റ്റുകളുടെ താഴെ ലെെക്ക് ബട്ടണ്‍ അമര്‍ത്തിയാല്‍ മറ്റ് ഇമോജികൾക്കൊപ്പം ഈ ഇമോജിയും കാണാം. മഞ്ഞ നിറത്തിലുള്ള സ്‌മൈലി ചുവന്ന ഹൃദയത്തെ കെട്ടിപ്പിടിക്കുന്നതായാണ് ഇമോജിയിൽ ദൃശ്യവത്കരിച്ചിരിക്കുന്നത്.ഇപ്പോൾ വെബ്‌സൈറ്റിലും അടുത്ത ആഴ്ച മുതൽ ഫേസ്ബുക്ക് മൊബൈൽ ആപ്‌ളിക്കേഷനിലും ഈ ‘ശ്രദ്ധിക്കുന്ന, സ്‌നേഹം നിറഞ്ഞ ഇമോജി’യെ കാണാം. ഫേസ്ബുക്ക് മെസെഞ്ചറിലും കെയർ ഇമോജി ഉൾപ്പെടുത്തിയിട്ടുണ്ട്. പർപിൾ നിറത്തിൽ മിടിക്കുന്ന ഹൃദയമാണ് ഇമോജിയിലുള്ളത്. ഇമോജി ഇപ്പോൾ തന്നെ മെസെഞ്ചർ ആപ്ലിക്കേഷനിൽ ലഭ്യമാണെന്ന് സി-നെറ്റ് റിപ്പോർട്ട് ചെയ്യുന്നു.

ഈ റിയാക്ഷൻ കൊവിഡിന്റെ പശ്ചാത്തലത്തിൽ ആളുകൾക്ക് അവരുടെ പിന്തുണ വ്യക്തമാക്കാനുള്ള പുതിയ വഴികൾ തുറക്കുമെന്ന് ഫേസ്ബുക്കിലെ ടെക് കമ്മ്യൂണിക്കേഷൻസ് മാനേജറായ അലക്‌സാണ്ട്രൂ വോയ്ക പറയുന്നു. ലൈക്ക് ബട്ടൺ അമർത്തുന്നതിലൂടെ മറ്റ് ഇമോജികൾക്കൊപ്പം ഇവനേയും കാണാം. തംപ്‌സ് അപ്, ലാഫർ, സാഡ്‌നെസ്, അമേസ്‌മെന്റ്, ലൗ, കൂടാതെ ആങ്കർ ഇമോജികളാണ് നേരത്തെ ഫേസ്ബുക്കിൽ ഉണ്ടായിരുന്നത്.കമന്റുകൾ, പോസ്റ്റുകൾ, ചിത്രങ്ങൾ, വിഡിയോകൾ, മറ്റ് കണ്ടെന്റുകൾ എന്നിവയോടൊപ്പം ഈ ഇമോജി ഉപയോഗിക്കാവുന്നതാണെന്നും വോയ്ക പറയുന്നു. മെസെഞ്ജറിലും ചാറ്റിലെ സന്ദേശത്തിൽ തൊടുമ്പോൾ ഈ ഇമോജിയും കാണാം.