സാധാരണക്കാരനായ ഓട്ടോ ഡ്രൈവറുടെ അസാധാരണ കണ്ടുപിടിത്തം; ഈ വ്യക്തിയെ ഉപദേശകനാക്കുമെന്ന് ആനന്ദ് മഹീന്ദ്ര

single-img
25 April 2020

കൊറോണ വൈറസ് വ്യാപനത്തെ തടയാൻ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് കരുതലുകളിലൊന്നാണ് സാമൂഹ്യ അകലം പാലിക്കുക എന്നത്. കൊറോണ പകർന്ന പുതിയ വെല്ലുവിളികള്‍ ഉള്‍ക്കൊണ്ട് സ്വന്തം ജീവിതത്തില്‍ പലരും വരുത്തുന്ന മാറ്റങ്ങള്‍ അതിശിപ്പിക്കുന്നതാണ്. അത്തരത്തിൽ ഒന്നാണ് ഇവിടെ സംഭവിച്ചതും. വളരെ സാധാരണക്കാരനായ ഒരു ഓട്ടോക്കാരന്റെ അസാധാരണമായ കണ്ടുപിടുത്തമാണ് വ്യവസായ രാജാവായ ആനന്ദ് മഹീന്ദ്രയുടെ പ്രശംസയ്ക്ക് പാത്രമായത്.

വാഹന വിപണിയിലെ മുടിചൂടാമന്നനായ മഹീന്ദ്ര ഗ്രൂപ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര നേരത്തെയും സോഷ്യല്‍മീഡിയയില്‍ നിന്നും കണ്ടെത്തുന്ന വിവരങ്ങളേയും ആശയങ്ങളേയും പ്രോത്സാഹിപ്പിക്കാന്‍ മടി കാണിച്ചിട്ടില്ല. ഇപ്പോൾ അദ്ദേഹം പങ്കുവെച്ചിരിക്കുന്നത് ഒരു ഓട്ടോ ഡ്രൈവര്‍ തന്റെ ഓട്ടോയില്‍ വരുത്തിയ മാറ്റങ്ങളുടെ വീഡിയോയാണ്.

കൊറോണവൈറസ് രാജ്യമാകെ പടരുന്ന സാഹചര്യത്തില്‍ തനിക്കും യാത്രക്കാര്‍ക്കും എങ്ങനെ പരമാവധി സുരക്ഷിതമായി യാത്ര ചെയ്യാമെന്ന ചിന്തയില്‍ നിന്നാണ് ഈ മാറ്റങ്ങള്‍ ഉണ്ടായിരിക്കുന്നത്. തങ്ങൾ അഭിമുഖീകരിക്കുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറാനും കണ്ടെത്തലുകള്‍ നടത്താനുമുള്ള നമ്മള്‍ മനുഷ്യരുടെ ശേഷി എപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്ന് പറഞ്ഞ ആനന്ദ് മഹീന്ദ്ര ട്വീറ്റില്‍ മഹീന്ദ്രയുടെ ഓട്ടോ ആന്റ് ഫാം സ്‌ക്ടര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറേയും ടാഗ് ചെയ്തിട്ടുണ്ട്.

വെറുതെയല്ല, മഹീന്ദ്രയുടെ പ്രൊഡക്ട് ഡെവലപ്‌മെന്റ് ടീമില്‍ ഈ ഓട്ടോഡ്രൈവറെ ഉപദേശകനായി ചേര്‍ക്കണമെന്നാണ് ആനന്ദ് മഹീന്ദ്ര ട്വീറ്റില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ഡ്രൈവർ സ്വന്തം ഇ ഓട്ടോയുടെ പിന്‍ഭാഗം നാലായി തിരിച്ചിരിക്കുകയാണ്. വാഹനത്തിൽ കയറുന്ന യാത്രികര്‍ക്ക് പരസ്പരം സമ്പര്‍ക്കമുണ്ടാവുന്നത് ഇല്ലാതാവും എന്ന് മാത്രമല്ല, ഓട്ടോ ഡ്രൈവറുടെ ചൈംബറും യാത്രക്കാരുടെ ചേംബറും തമ്മിലും ഈ വേര്‍തിരിവുണ്ട്.