പ്രവാസികളായ ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ കേന്ദ്രസർക്കാരിന്റെ അനുമതി

single-img
25 April 2020

വിദേശരാജ്യങ്ങളിൽ മരണപ്പെടുന്ന ഇന്ത്യാക്കാരുടെ മൃതദേഹം നാട്ടില്‍ കൊണ്ടു വരാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. ഇതോടെ വിവിധ രാജ്യങ്ങളിലായി മരണപ്പെട്ട ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ സാധിക്കും. എന്നാൽ ഈ ഉത്തരവ് പ്രകാരം കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്കെത്തിക്കാന്‍ സാധിക്കില്ല.

ഇത്തരത്തിൽ മരണപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് സമീപ പ്രദേശങ്ങളില്‍ തന്നെ സംസ്‌കരിക്കും. ഇന്ന് തന്നെ ബ്യൂറോ ഓഫ് ഇമിഗ്രേഷന് ലഭിച്ച വാക്കാലുള്ള ഉത്തരവ് കാരണം ചില മൃതദേഹങ്ങള്‍ നാട്ടില്‍ ഇറക്കാനാവാതെ വിദേശത്തേക്ക് തിരികെ കൊണ്ടു പോയിരുന്നു. അതേപോലെതന്നെ ചില മൃതദേഹങ്ങള്‍ നാട്ടിലെ വിമാനത്താവളത്തിലും ചിലത് ഗള്‍ഫ് നാടുകളിലും കുടുങ്ങികിടക്കുന്ന സ്ഥിതിയുമുണ്ടായിരുന്നു.

പുതിയ ഉത്തരവിൻപ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച്, കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കൂടി അനുമതിയോടെയായിരിക്കും മൃതദേഹങ്ങള്‍ നാട്ടിലേക്കെത്തിക്കുക. നിലവിൽ വിദേശത്ത് കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള നടപടിയും കേന്ദ്ര സർക്കാർ സ്വീകരിക്കുന്നുണ്ട്.