കേരളത്തിൽ ഇന്ന് 7 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ 7 പേർക്ക് രോഗം ഭേദമായി

single-img
25 April 2020

സംസ്ഥാനത്ത് ഏഴ് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു, കോട്ടയം, കൊല്ലം ജില്ലകളില്‍ മൂന്ന് പേർക്കും കണ്ണൂരിൽ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം തന്നെ സംസ്ഥാനത്ത് ഇന്ന് രോഗം ഭേദമായതും ഏഴ് പേർക്കാണ്. കോഴിക്കോട്, കണ്ണൂ‍ർ,കാസ‍ർകോട് ജില്ലകളിൽ രണ്ട് പേ‍ർ വീതവും വയനാട്ടിൽ ഒരാൾക്കും ഇന്ന് രോ​ഗം ഭേദമായി. കൊല്ലം ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് ആരോഗ്യപ്രവർത്തകയ്ക്കെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ അറിയിച്ചു.

കേരളത്തിലാകെ ഇതുവരെ രോ​ഗം സ്ഥിരീകരിച്ചത് 457 പേ‍ർക്കാണ്. ഇവരില്‍ 114 പേ‍ർ ചികിത്സയിലുള്ളത്. 21044 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇതിൽ 464 പേർ ആശുപത്രിയിലാണ്. ഇന്ന് 132 പേരെ പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 22360 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. നിലവില്‍ സംസ്ഥാനത്ത് വയനാട്, ആലപ്പുഴ, തൃശ്ശൂർ ജില്ലകളിൽ കൊവിഡ് രോ​ഗികളില്ല.

കൊവിഡ് ബാധയാല്‍ അതീവ ​ഗുരുതരവാസ്ഥയിലായിരുന്ന 84-കാരനായ കൂത്തുപറമ്പ് സ്വദേശി മൂരിയാട് അബൂബക്കർ രോ​ഗമുക്തി നേടി. ഇതു സംസ്ഥാനത്തിന് ഒരു നേട്ടമാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. 60 വയസിന് മുകളിൽ പ്രായമുള്ളവരെല്ലാം ​ഹൈ റിസ്കിലാണ് എന്നിരിക്കെയാണ് വൃക്കരോ​ഗമടക്കമുള്ള ആരോ​ഗ്യപ്രശ്നങ്ങൾ ഉള്ള അബൂബക്കർ ആരോ​ഗ്യം വീണ്ടെടുത്ത് ജീവിതത്തിലേക്ക് മടങ്ങി എത്തിയത് ഇതിനായ പ്രയത്നിച്ച ആരോ​പ്രവർത്തകരെ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു.