ദുരൂഹതകൾ ബാക്കി : കിമ്മിന്‍റെ ആരോഗ്യനില പരിശോധിക്കാൻ ചൈനീസ്​ സംഘം ഉത്തര കൊറിയയിലേക്ക്​

single-img
25 April 2020

ബെയ്​ജിങ്​: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ലോകമാധ്യങ്ങൾ ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ്​ ഉന്നിനു പിന്നാലെയാണ്. അദ്ദേഹത്തിന് ഹൃദയശസ്​ത്രക്രിയ നടത്തിയെന്നും മസ്തിഷ്ക മരണം സംഭവിച്ചു എന്നും വരെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ദുരൂഹതകൾ ബാക്കിയാക്കി കിമ്മിന്‍റെ ആരോഗ്യനില പരിശോധിക്കാൻ മെഡിക്കൽ വിദഗ്ധ​രടങ്ങുന്ന സംഘം ഉത്തര കൊറിയയിലേക്ക്​ പുറപ്പെട്ടതായാണ് ഒടുവിൽ പുറത്തു വരുന്ന വാർത്തകൾ . ചൈനീസ്​ കമ്യൂണിസ്​റ്റ്​ പാർട്ടിയിലെ മുതിർന്ന അംഗമാണ്​ സംഘത്തെ നയിക്കുന്നത്​. സംഘത്തിലുള്ള മറ്റുള്ളവരെ കുറിച്ച്​ ചൈന വെളിപ്പെടുത്തിയിട്ടില്ല.

ഏപ്രിൽ 12നു നടന്ന ഹൃദയശസ്​ത്രക്രിയക്കു ശേഷം കിമ്മി​ന്‍റെ ആരോഗ്യനില ഗുരുതരാവസ്​ഥയിലാണെന്നും മസ്​തിഷ്​കാഘാതം സംഭവിച്ചുവെന്നുമുള്ള റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. ഈ റിപ്പോർട്ട്​ ചൈനയും ദക്ഷിണ കൊറിയയും തള്ളുകയായിരുന്നു. ഉത്തര കൊറിയ അത്​ സ്​ഥിരീകരിക്കാനോ തള്ളാനോ തയാറായിട്ടില്ല.

അതേസമയം, ഹൃദയശസ്​ത്രക്രിയക്കു ശേഷം കിമ്മി​ന്‍റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന്​ ഉത്തര കൊറിയയിൽ നിന്നുള്ള അജ്​ഞാത വൃത്തങ്ങളെ ഉദ്ധരിച്ച്​ ദക്ഷിണ കൊറിയൻ വെബ്​സൈറ്റായ ഡെയ്​ലി എൻ.കെ റിപ്പോർട്ട്​ ചെയ്തിരുന്നു. കിമ്മിന്‍റെ ആരോഗ്യനില ഗുരുതരാവസ്​ഥയിലാണെന്ന റിപ്പോർട്ടുകൾ യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപും തള്ളിയിരുന്നു.