രണ്ടുപേര്‍ക്കിരിക്കാവുന്ന സീറ്റില്‍ ഒരു യാത്രക്കാരന്‍, മൂന്നുപേര്‍ക്കിരിക്കാവുന്ന സീറ്റില്‍ രണ്ടുപേര്‍: ബസ് ചാർജ് വർദ്ധിപ്പിക്കണമെന്ന ശുപാര്‍ശയുമായി ഗതാഗതവകുപ്പ്

single-img
25 April 2020

കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ബസ് ചാര്‍ജ് താല്‍ക്കാലികമായി വര്‍ധിപ്പിക്കണമെന്ന് ശുപാര്‍ശയുമായി ഗതാഗതവകുപ്പ്. സാമൂഹിക അകലം അടക്കം പാലിച്ച് നിയന്ത്രണങ്ങളോടെ സര്‍വീസ് നടത്തുമ്പോഴുള്ള നഷ്ടം നികത്താനാണ് നിർദ്ദേശം നൽകിയിട്ടുള്ളത്. റോഡ് നികുതിയിലോ ഇന്ധന നികുതിയിലോ ഇളവ് നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

 പൊതുഗതാഗതം അനുവദിക്കാന്‍ അനുമതി നല്‍കിയിട്ടില്ലാത്തതിനാല്‍ ഇക്കാര്യം ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാമെന്നാണ് ഗതാഗതമന്ത്രി പറഞ്ഞിരിക്കുന്നത്. കൊറോണയുടെ പശ്ചാത്തലത്തില്‍ ബസിലെ രണ്ടുപേര്‍ക്കിരിക്കാവുന്ന സീറ്റില്‍ ഒരു യാത്രക്കാരന്‍ മാത്രം, മൂന്നുപേര്‍ക്കിരിക്കാവുന്ന സീറ്റില്‍ രണ്ടുപേര്‍, യാത്രക്കാരെ നിര്‍ത്തി കൊണ്ടുപോകരുത് തുടങ്ങിയ കര്‍ശന നിയന്ത്രണങ്ങളോടെ ബസ് ഓടിക്കുന്ന കാര്യമാണ് സര്‍ക്കാര്‍ പരിഗണിച്ചിരുന്നത്. 

കോവിഡ് തീവ്രമല്ലാത്ത, ഗ്രീന്‍ സോണില്‍ കര്‍ശന നിയന്ത്രണത്തോടെ സ്വകാര്യ ബസ് ഓടിക്കാനായിരുന്നു ആലോചിച്ചത്. എന്നാല്‍ പൊതുഗതാഗതം ആരംഭിക്കരുത് എന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഈ ആലോചനയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുകയായിരുന്നു.

അതേസമയം നിയന്ത്രണങ്ങള്‍ പാലിച്ച് ബസുകള്‍ ഓടിക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കി സ്വകാര്യ ബസ് ഉടമകള്‍ രംഗത്തെത്തി. ഒരു വര്‍ഷത്തേയ്ക്ക് ബസുകള്‍ ഓടിക്കാന്‍ സാധിക്കില്ലെന്ന് കാട്ടി ബസ് ഉടമകള്‍ കൂട്ടത്തോടെ സര്‍ക്കാരിന് അപേക്ഷ നല്‍കിയിരിക്കുകയാണ്. സംസ്ഥാനത്ത് ഓടുന്ന 12,600 ബസുകളില്‍ 12000 എണ്ണവും സ്‌റ്റോപ്പേജിന് അപേക്ഷ നല്‍കിയിട്ടുണ്ട്.