24 മണിക്കൂറിനിടെ മരിച്ചത് 6000 പേർ: കൂടുതൽ അമേരിക്കയിലും ബ്രിട്ടനിലും

single-img
25 April 2020

ലോകത്ത് കോവിഡ് 19 വൈറസ് ബാധ മൂലമുള്ള മരണം രണ്ട് ലക്ഷത്തിലേക്ക് അടുക്കുന്നു. ഇതുവരെ 1,97,082 പേരാണ് ആകെ മരിച്ചത്. അമേരിക്കയിലും ബ്രിട്ടനിലുമാണ് വെള്ളിയാഴ്ച ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങള്‍ സംഭവിച്ചത്. അമേരിക്കയില്‍ മരണം അരലക്ഷം കടന്നു. 

24 മണിക്കൂറിനിടെ ആറായിരത്തിലേറെ പേരാണ് മരിച്ചത്. കഴിഞ്ഞ ദിവസം യുഎസില്‍ 752 പേര്‍ മരിച്ചപ്പോള്‍ 768 പേര്‍ക്കാണ് യുകെയില്‍ ജീവന്‍ പൊലിഞ്ഞത്.

അതേസമയം കോവിഡ് രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 28 ലക്ഷം കടന്നു. 28,27,841 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം പത്തു ലക്ഷത്തിന് അടുത്തെത്തി. 9,24,262 പേര്‍ക്കാണ് യുഎസില്‍ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച്് മരിച്ചവരുടെ എണ്ണം 52,176 പേരാണ്. പുതുതായി 1942 പേരുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.

കോവിഡ് ബാധിച്ച് ചികില്‍സയിലുള്ളവരില്‍ 58,531 പേരുടെ നില അതീവ ഗുരുതരമാണ്. കോവിഡിനെ ഇതുവരെ അതിജീവിച്ച് രോഗമുക്തി നേടിയത് 775,986 പേരാണ്. കോവിഡില്‍ തിരിച്ചടി നേരിട്ട മറ്റ് യൂറോപ്യന്‍ രാജ്യങ്ങളായ ഇറ്റലി, സ്‌പെയിന്‍, ഫ്രാന്‍സ് എന്നിവിടങ്ങളിലെ മരണനിരക്കും ഉയരുകയാണ്. ഇറ്റലിയില്‍ 25,969 പേര്‍ മരിച്ചു. സ്‌പെയിനില്‍ 22,524 പേരും ഫ്രാന്‍സില്‍ 22,245 പേരും മരിച്ചു. ബ്രിട്ടനില്‍ ഇതുവരെ 19,506 പേരാണ് മരിച്ചത്.

രോഗം ആദ്യം സ്ഥിരീകരിച്ച ചൈനയില്‍ പുതിയതായി ആറ് പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. യൂറോപ്യന്‍ രാജ്യങ്ങളില്‍ പുതിയതായി രോഗം ബാധിക്കുന്നവരുടെ നിരക്ക് കുറയുകയാണെന്നാണ് റിപ്പോർട്ടുകൾ. 

 അതേസമയം, ഇന്ത്യയില്‍ കൊവിഡ് മഹാമാരിയില്‍ മരിച്ചവരുടെ എണ്ണം 724 ആയി ഉയര്‍ന്നു.