‘തെറ്റാണ് സംഭവിച്ചത്, മാപ്പ് ചോദിക്കുന്നു. അത് മനഃപൂര്‍വ്വം സംഭവിച്ചതല്ല’ – ദുൽഖർ

single-img
23 April 2020

സുരേഷ് ഗോപി, ശോഭന, ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍, തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തി മിക്കച്ച വിജയം നേടിയ ചിത്രമായിരുന്നു വരനെ ആവശ്യമുണ്ട്. പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകനായ അനൂപിന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു ഈ ചിത്രം.ഡിക്യൂസ് വെഫെയര്‍ ഫിലിമിന്റെ ബാനറിൽ ദുൽഖർ തന്നെയായിരുന്നു ചിത്രത്തിന്റെ നിർമാതാവ്.

എന്നാൽ സിനിമ ഓണ്‍ലൈനിലെത്തിയതിന് തൊട്ടുപിന്നാലെ സിനിമക്കെതിരെ ആരോപണമുന്നയിച്ച് സാമൂഹിക മാധ്യമത്തിൽ രംഗത്ത് വന്നിരിക്കുകയാണ് ഒരു യുവതി. തന്റെ അനുവാദമില്ലാതെ തന്റെ ചിത്രങ്ങൾ സിനിമയില്‍ ഉപയോഗിച്ചുവെന്ന് ആരോപിച്ചായിരുന്നു യുവതിയുടെ ട്വീറ്റ്. തുടര്‍ന്ന് മനപൂര്‍വം സംഭവിച്ചതല്ലെന്ന ക്ഷമാപണവുമായി സംവിധായകൻ അനൂപും നിര്‍മാതാവായ ദുല്‍ഖര്‍ സല്‍മാനും രം​ഗത്തെത്തിയിരിക്കുകയാണ് .

സിനിമയിലെ ഒരു സീനില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രം ആരോപണം ഉന്നയിച്ച യുവതിയുടേതാണ്. ഒരു പൊതുവേദിയിൽ ഉണ്ടാകാവുന്ന ബോഡി ഷേമിംഗിൽ നിന്ന് തന്നെ ഒഴിവാക്കണമെന്നും തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ചിത്രം സിനിമയില്‍ ഉപയോഗിച്ചതെന്നും യുവതി പറയുന്നു.’എന്നെ സിനിമയിൽ കാണിച്ചതിന് നന്ദി. പക്ഷേ പൊതുവേദിയില്‍ നിന്നും ഉണ്ടാകാനിടയുള്ള ബോഡി ഷേമിങില്‍ നിന്നും എന്നെ ഒഴിവാക്കി തരണം. സിനിമയിലെ ഈ രം​ഗത്തിൽ ഉപയോഗിച്ചിരിക്കുന്ന എന്‍റെ ചിത്രങ്ങള്‍ എന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ല ഉപയോ​ഗിച്ചിരിക്കുന്നത്. ഇതിന്റെ ഉടമസ്ഥാവകാശം ക്ലെയിം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു’- എന്നായിരുന്നു യുവതിയുടെ ട്വീറ്റ്. സിനിമയിലെ രംഗത്തിന്‍റെ സ്ക്രീന്‍ഷോട്ട് സഹിതമായിരുന്നു യുവതിയുടെ ട്വീറ്റ്.

ട്വീറ്റ് ശ്രദ്ധയില്‍ പെട്ടതോടെ തെറ്റ് പറ്റിയതിന് മാപ്പ് പറഞ്ഞ് ദുല്‍ഖറും രം​ഗത്തെത്തി. തെറ്റിന്റെ പൂര്‍ണ ഉത്തരവാദിത്വം ഞങ്ങള്‍ തന്നെ ഏറ്റെടുക്കുന്നു. ഈ ചിത്രം എങ്ങനെയാണ് സിനിമയിലേക്ക് എത്തിയതെന്ന കാര്യം അതുമായി ബന്ധപ്പെട്ട വകുപ്പുകളോട് അന്വേഷിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇങ്ങനെയാരു പ്രശ്‌നമുണ്ടായതില്‍ എന്റെ പേരിലും സിനിമയുടെ നിര്‍മാണ കമ്പനിയായ ഡിക്യൂസ് വെഫെയര്‍ ഫിലിമിന്റെ പേരിലും മാപ്പ് ചോദിക്കുന്നു. അത് മനഃപൂര്‍വ്വം സംഭവിച്ചതല്ല’ – ദുൽഖർ ട്വീറ്റ് ചെയ്തു.