അമേരിക്കയില്‍ കടുവകള്‍ക്കും സിംഹങ്ങള്‍ക്കും കൊവിഡ് ; ലോകത്ത് 26 ലക്ഷത്തിലധികം കൊവിഡ് ബാധിതര്‍; ഭീതി ഉടൻ ഒഴിയില്ലെന്ന് ലോകാരോഗ്യ സംഘടന

single-img
23 April 2020

വാഷിംഗ്‍ടണ്‍: ലോകത്ത് കൊവിഡ് ബാധിതര്‍ വര്‍ധിക്കുന്നു. 26 ലക്ഷം പേര്‍ക്ക് രോഗവും 1,83,000 മരണങ്ങളുമാണ് ലോകത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്. അമേരിക്കയില്‍ 24 മണിക്കൂറിനിടെ 2,219 പേര്‍ മരിച്ചു. ഇതോടെ ഇവിടെ ഇതുവരെ മരിച്ച ആളുകളുടെ എണ്ണം 47,000 കവിഞ്ഞു. രോഗബാധിതരുടെ എണ്ണം എട്ടരലക്ഷത്തോട് അടുക്കുകയാണ്. കൊവിഡ് രോഗികൾ എട്ടരലക്ഷത്തോട് അടുക്കുകയാണ്. ബ്രിട്ടനിലും മരണസംഖ്യ ഉയരുകയാണ്. 763 പേരാണ് ഇന്നലെ മാത്രം മരിച്ചത്. ഇറ്റലിയിൽ മരണം കാൽലക്ഷം കടന്നു. ഇറ്റലിയിൽ 437 ഉം സ്പെയിനിൽ 435 ഉം പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. ഫ്രാൻസിൽ കഴിഞ്ഞ ദിവസം 544 പേർ മരിച്ചു. കൊവിഡ് ഭീതി ഉടൻ ഒഴിയില്ലെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അതിനിടെ അമേരിക്കയില്‍ കടുവകള്‍ക്കും സിംഹങ്ങള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചത് ന്യൂയോര്‍ക്കിലെ ബ്രോങ്ക്സ് മൃഗശാലയിലാണ്. നാല് കടുവകള്‍ക്കും മൂന്ന് സിംഹങ്ങള്‍ക്കുമാണ് കൊവിഡ് ബാധിച്ചത്. ജീവനക്കാരില്‍ നിന്നും രോഗം പകര്‍ന്നതെന്നാണ് സൂചന. മൃഗങ്ങളുടെ ആരോഗ്യനില തൃപ്‍തികരമെന്ന് മൃഗശാല അധികൃതര്‍ അറിയിച്ചു. കോവിഡ് മൃഗങ്ങളിലേക്കും പകരുന്നത് അതീവ ഗൗരവകരമായാണ് ലോകാരോഗ്യ സംഘടനാ നോക്കി കാണുന്നത്.