മാസ്കോ മറ്റ് സുരക്ഷ ഉപകരണങ്ങളോയില്ലാതെ സാമൂഹിക അടുക്കളകളിൽ സന്ദർശനം നടത്തി രമ്യ ഹരിദാസിൻ്റെ നേതൃത്വത്തിലുള്ള ആൾക്കൂട്ടം

single-img
22 April 2020

ആലത്തൂർ പുതുക്കോട് ഗ്രാമ പഞ്ചായത്തുകളിൽ കമ്മ്യൂണിറ്റി കിച്ചണിലേക്ക് ആളെ കൂട്ടി സന്ദർശനം നടത്തിയ ആലത്തൂർ എംപി രമ്യ ഹരിദാസ് ലോക്ക് ഡൗൺ നിർദേശങ്ങൾ പരസ്യമായി ലംഘിച്ചതായി പരാതി. രമ്യ 50ലധികം കോൺഗ്രസ് പ്രവർത്തകരോടൊപ്പം കമ്മ്യൂണിറ്റി കിച്ചണിൽ സന്ദർശനം നടത്തുന്നതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവന്നതോടെയതാണ് എംപിക്ക് എതിരെ ആരോപണം ഉയർന്നത്. 

ഇന്നലെയാണ് ആലത്തൂർ ഗ്രാമ പഞ്ചായത്തിലെ വെങ്ങന്നൂരിലും, പുതുക്കോട് ഗ്രാമ പഞ്ചായത്തിലെ സാമൂഹിക അടുക്കളയിലും കൂട്ടംചേർന്ന് രമ്യ ഹരിദാസിൻ്റെ നേതൃത്വത്തിലുള്ള സംഘം എത്തിയത്.  ആലത്തൂർ എംപി രമ്യ ഹരിദാസും കോൺഗ്രസ്  പ്രവർത്തകരും പില സംഘടന നേതാക്കളും ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിച്ചുവെന്നാണ് ഇപ്പോൾ പരാതിയുയർന്നിരിക്കുന്നത്. 

സാമൂഹിക അടുക്കളയിൽ ജോലിചെയ്യുന്നവർക്ക്   സഹായം നൽകാനെന്ന പേരിലായിരുന്നു രമ്യയുടെയും കൂട്ടരുടേയും സന്ദർശനമെന്നാണ് ആരോപണം. എംപി പുതുക്കോട്ടിൽ എത്തിയപ്പോൾ അമ്പതോളം ആളുകളും ഒപ്പം ഉണ്ടായിരുന്നതായാണ് വിവരം. എംപി ഉൾപ്പെടെ സംഘത്തിലുള്ള നിരവധി ആളുകൾ മാസ്കോ മറ്റ് സുരക്ഷ ഉപകരണങ്ങളോ ധരിച്ചിട്ടില്ലെന്നുള്ളതും ചിലർ ചൂണ്ടിക്കാട്ടുന്നു. 

കൊറോണ പശ്ചാത്തലത്തിൽ ആളുകൾ പൊതുസ്ഥലങ്ങളിൽ ഒത്തു ചേരരുത് എന്നാണ് സർക്കാർ നിർദേശം എംപി തന്നെ ലംഘിക്കുകയാണെന്നാരോപിച്ച് സിപിഎമ്മും, ബിജെപിയും രംഗത്തുവന്നുകഴിഞ്ഞു.