റിലയൻസ് ജിയോയിൽ 43,574 കോടി രൂപയുടെ ഓഹരി വാങ്ങി ഫേസ്ബുക്ക്

single-img
22 April 2020

മുകേഷ് അംബാനിയുടെ റിലയൻസ് ജിയോയിൽ 43,574 കോടി രൂപയുടെ ഓഹരി ഫേസ്ബുക്ക് വാങ്ങി. ലോകത്തെ ഏറ്റവും വലിയ സോഷ്യൽ നെറ്റ്വർക്കിങ് സൈറ്റായ ഫേസ്ബുക്ക് ബുധനാഴ്ച അറിയിച്ചതാണ് ഇക്കാര്യം. ഫേസ്ബുക്കിനെ ജിയോ പ്ലാറ്റ്ഫോം ലിമിറ്റഡിലെ ഏറ്റവും വലിയ ന്യൂനപക്ഷ ഓഹരി ഉടമയാക്കിമാറ്റുന്നതാണ് ഈ ഇടപാട്. ഇത് അതിവേഗം വളരുന്ന ഇന്ത്യൻ ഡിജിറ്റൽ വിപണിയിൽ ഫേസ്ബുക്കിന് കൂടുതൽ കരുത്തേകുമെന്ന് വിലയിരുത്തൽ. 

“ഈ നിക്ഷേപം ഇന്ത്യയോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണെന്നും രാജ്യത്ത് ജിയോ കൊണ്ടുവന്ന ഡിജിറ്റൽ വിപ്ലവം ആവേശകരമാണെന്നും. നാല് വർഷത്തിനുള്ളിൽ 388 ദശലക്ഷത്തിലധികം ആളുകളെ ഓൺലൈനിലേക്ക് ജിയോ കൊണ്ടുവന്നിട്ടുണ്ട്, ഇത് നൂതനമായ പുതിയ സംരംഭങ്ങളുടെ സൃഷ്ടിക്ക് കരുത്തേകുന്നു ഒപ്പം പുതിയ മാർഗങ്ങളിലൂടെ ആളുകളെ ബന്ധിപ്പിക്കുകയും ചെയ്യുന്നു. ഇന്ത്യയിൽ ഇനിയും കൂടുതൽ ആളുകളെ ജിയോയുമായി ബന്ധിപ്പിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. “- ഫേസ്ബുക്ക് വ്യക്തമാക്കി. 

2016 ൽ ജിയോ ആരംഭിച്ചതിനുശേഷം, അതിവേഗം വളരുന്ന ഇന്ത്യൻ വിപണിയിൽ യുഎസ് ടെക് ഗ്രൂപ്പുകളുമായി മത്സരിക്കാൻ കഴിവുള്ള ഏക കമ്പനിയായി റിലയൻസ് മാറി. ഇത് മൊബൈൽ ടെലികോം മുതൽ ഹോം ബ്രോഡ്‌ബാൻഡ്, ഇകൊമേഴ്‌സ് വരെ വ്യാപിപ്പിക്കുകയും ചെയ്തു.

മ്യൂസിക് സ്ട്രീമിംഗ് സേവനമായ ജിയോസാവ്ൻ, ഓൺ-ഡിമാൻഡ് ലൈവ് ടെലിവിഷൻ സേവനമായ ജിയോ ടിവി, പേയ്‌മെന്റ് സേവനമായ ജിയോപേ എന്നിവയുൾപ്പെടെ നിരവധി സേവനങ്ങളും റിലയൻസ് ജിയോയ്ക്ക് സ്വന്തമാണ്. ബെർൺസ്റ്റൈനിലെ വിശകലന വിദഗ്ധർ ജിയോയെ 60 ബില്യൺ ഡോളറിലധികം വിലമതിപ്പുള്ള കമ്പനിയായാണ് വിലയിരുത്തുന്നത്.