വവ്വാലുകളുടെ പ്രജനനകാലം: നിപ വെെറസിനെ കൂടി കരുതിയിരിക്കാൻ മുന്നറിയിപ്പ്

single-img
22 April 2020

കോവിഡ് ഭീഷണിക്കിടെ നിപ വൈറസ് ബാധയെക്കൂടി കരുതിയിരിക്കണമെന്ന മുന്നറിയിപ്പുമായി അന്താരാഷ്ട്ര ജേർണലായ ‘വൈറസസ്´.  നിപ വൈറസ് വഹിക്കുന്ന വവ്വാലുകളുടെ പ്രജനനകാലമാണിത്. പ്രജനനകാലത്ത് വവ്വാലുകളിൽ വൈറസുകളുടെ തോത് കൂടുതലായിരിക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

കുസാറ്റ് ബയോടെക്‌നോളജി വകുപ്പ് വൈറോളജി ലാബിലെ ഡോ. മോഹനൻ വലിയവീട്ടിലിന്റെ നേതൃത്വത്തിലാണ് റിപ്പോർട്ട് തയ്യാരാക്കിയത്.  തുടർച്ചയായി രണ്ടുവർഷം മേയ്, ജൂൺ മാസങ്ങളിലാണ് കേരളത്തിൽ നിപ റിപ്പോർട്ടുചെയ്തത്. രോഗം വരുന്നത് തടയാൻ സർവസജ്ജമായി ഇരിക്കണമെന്ന് റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നു.

വൈറസ് വാഹകരാണെങ്കിലും തനതായ പ്രതിരോധശേഷിയുള്ളതിനാൽ ഇവ വവ്വാലുകളെ ബാധിക്കാറില്ല. എന്നാൽ, പ്രജനനകാലത്ത് അവയുടെ പ്രതിരോധശേഷി കുറയും. ഈ സമയത്ത് വവ്വാലുകളുടെ സ്രവങ്ങളിൽ നിപ വൈറസ് കൂടുതലായിരിക്കും. 

രണ്ടുതരം നിപ വൈറസാണുള്ളത്. നിപ വൈറസ്-ബി, നിപ വൈറസ്-എം എന്നിവ. ഇതിൽ ബി-ക്കാണ് മരണനിരക്ക് കൂടുതൽ. ഇന്ത്യയിലും ബംഗ്ലാദേശിലും റിപ്പോർട്ട് ചെയ്തത് ഇതാണ്. മലേഷ്യയിൽ നിപ-എം ആയിരുന്നു.വവ്വാലുകളുടെ ആവാസസ്ഥലങ്ങളിൽനിന്ന് അകലംപാലിക്കണം. വവ്വാലുകൾ കടിച്ചെന്ന് സംശയിക്കുന്ന പഴങ്ങൾ കഴിക്കരുതെന്നും വ്യക്തിശുചിത്വം പാലിക്കണമെന്നുമുള്ള നിർദേശങ്ങൾ ആരോ​ഗ്യവിദ​ഗ്ധർ നൽകുന്നു.