‘നിങ്ങൾ തെറ്റായ സ്ഥലത്താണ് ഉത്തരം അന്വേഷിക്കുന്നത്’;പുകവലി നിർത്താൻ എന്തു ചെയ്യണമെന്ന് ആരാധകന്റെ ചോദ്യത്തിന് കിംഗ് ഖാന്റെ മറുപടി

single-img
21 April 2020

ലോക്ക്ഡൌൺ കാലത്ത് പല സൂപ്പർ താരങ്ങളും തങ്ങളുടെ ആരാധകരോടൊപ്പം സമയം ചെലവഴിക്കാൻ സമൂഹമാധ്യമങ്ങളിൽ ലൈവ് ആയി എത്തുക പതിവാണ്. ഇത്തവണ ബോളിവുഡ് കിങ്‌ഖാനാണ് ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി എത്തിയത്. ട്വിറ്ററിലാണ് ഷാരൂഖ് ഖാൻ ആരാധകർക്കൊപ്പം അല്പസമയം ചെലവഴിച്ചത്. #AskSRK എന്ന സെഷനിൽ വന്ന ചോദ്യങ്ങൾക്കെല്ലാം കിങ് ഖാൻ നൽകിയ രസകരമായ മറുപടികൾ പലതും വൈറലുമായി.

“ഏറെ നാളായി ശ്രമിച്ചിട്ടും പറ്റുന്നില്ല, പുകവലി ഉപേക്ഷിക്കാൻ എന്തു ചെയ്യണം?” – ചോദ്യം ‘സെലിബ്രിറ്റി പുകവലിക്കാരനായ’ ഷാരൂഖ് ഖാനോടാണ്. ഉടൻ തന്നെ വന്നു മാസ് മറുപടി – “നിങ്ങൾ തെറ്റായ സ്ഥലത്താണ് ഉത്തരം അന്വേഷിക്കുന്നത് സുഹൃത്തേ. നിങ്ങളുടെ ശ്രമങ്ങൾക്ക് വിജയാശംസകൾ”.

സീറോയുടെ പരാജയത്തിനു ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ് ഷാരൂഖ്. അതിനെ പരാമർശിക്കാതെയുള്ള ഒരു ആരാധകന്‍റെ ചോദ്യം ഇതായിരുന്നു. ‘ജീവിതത്തിൽ നഷ്ടങ്ങൾ സാധാരണമാണ്. കരിയർ ഉപേക്ഷിക്കേണ്ട സമയമായോ എന്ന് ഒരു സൂപ്പർ താരം എങ്ങനെ അറിയും?’ ആരാധകർ ഏറ്റെടുത്ത മറുപടിയായിരുന്നു ഷാരൂഖിന്‍റേത്. “എനിക്കത് അറിയില്ല. നിങ്ങൾ ഈ ചോദ്യം ഏതെങ്കിലും സൂപ്പർ താരത്തോടു ചോദിക്കൂ, നിർഭാഗ്യവശാൽ ഞാൻ രാജാവായിപ്പോയി”.

ആൾക്കാർ ദോഷം പറയുന്നതിനെ എങ്ങിനെ കൈകാര്യം ചെയ്യണമെന്നായിരുന്നു ഒരാൾക്ക് അറിയേണ്ടത്. ‘ബാപ്പുജി പഠിപ്പിച്ചത് ചീത്ത കാണരുത്, കേൾക്കരുത്, പറയരുത് എന്നാണ്. അത് പാലിച്ച് വരികയാണ്’ എന്നായിരുന്നു ഷാരൂഖിന്‍റെ മറുപടി.

ഷാരൂഖ് എന്ന് ബോളിവുഡിലേക്ക് തിരിച്ചെത്തുമെന്നുള്ള ഗോസിപ്പുകൾ കേട്ട് മടുത്തെന്നും ഏതാണ് പുതിയ പ്രൊജക്ടെന്നു നേരിട്ട് തങ്ങളോട് പറയുമോയെന്നുമുള്ള ചോദ്യത്തിന് മനസ്സുമടുപ്പിക്കേണ്ടെന്നും താൻ ഇനിയും സിനിമകൾ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ‘ഏതെല്ലാമാണെന്ന് നിങ്ങളെല്ലാവരും സമയമാവുമ്പോൾ അറിയുകയും ചെയ്യും’ -ഷാരൂഖ് പറഞ്ഞു.

‘ലോക്ഡൗണിൽ ഒരുപാട് തിരക്കഥകൾ വായിച്ച് കാണുമല്ലോ, ഏതെങ്കിലുമൊന്നിൽ ഒപ്പുവെക്കു’ എന്നായിരുന്നു ഒരു ആരാധകന്‍റെ അഭ്യർഥന. ‘ഒപ്പുവെക്കാം, ആര് ഷൂട്ട് ചെയ്യും’ എന്ന മറു ചോദ്യമായിരുന്നു ഷാരൂഖിന്‍റെ മറുപടി.