‘പാവങ്ങളുടെ ഭക്ഷ്യധാന്യം എടുത്ത് സമ്പന്നരുടെ കൈ വൃത്തിയാക്കാൻ സാനിറ്റൈസര്‍ ഉണ്ടാക്കരുത്’; കേന്ദ്ര സർക്കാരിനെതിരെ രാഹുല്‍ ഗാന്ധി

single-img
21 April 2020

ന്യൂഡല്‍ഹി: ഫുഡ് കോര്‍പ്പറേഷനില്‍ മിച്ചമുള്ള അരി ഉപയോഗിച്ച് ഹാന്‍ഡ് സാനിറ്റൈസറുകള്‍ ഉത്പ്പാദിപ്പിക്കാനുള്ള എഥനോള്‍ നിര്‍മിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

പെട്രോളിയം, പാചകവാതക വകുപ്പ് മന്ത്രി അധ്യക്ഷനായ നാഷണല്‍ ബയോ ഫ്യുവല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് ഫുഡ് കോര്‍പ്പറേഷനില്‍ മിച്ചമുള്ള അരി ഉപയോഗിച്ച് ഹാന്‍ഡ് സാനിറ്റൈസറുകള്‍ ഉത്പ്പാദിപ്പിക്കാനുള്ള എഥനോള്‍ നിര്‍മിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്.

ലോക്ക്ഡൗണ്‍ മൂലം രാജ്യത്ത് ജനങ്ങള്‍ ഭക്ഷണമില്ലാതെ ദുരിതമനുഭവിക്കുമ്പോൾ രാജ്യത്തെ പണക്കാർക്ക് വേണ്ടി ദരിദ്ര ജനങ്ങളുടെ ഭക്ഷണമാണ് കേന്ദ്രസർക്കാർ ഇല്ലാതാക്കുന്നതെന്ന് രാഹുൽ കുറ്റപ്പെടുത്തി. ഇന്ത്യയുടെ ദരിദ്രർ എപ്പോൾ ഉണരുക? നിങ്ങൾ പട്ടിണി മൂലം മരിക്കുമ്പോൾ, നിങ്ങൾക്ക് ലഭിക്കേണ്ട അരി ഉപയോഗിച്ച് സാനിറ്റൈസർ ഉണ്ടാക്കി സമ്പന്നരുടെ കൈ വൃത്തിയാക്കുന്ന തിരക്കിലാണ് കേന്ദ്രസർക്കാർ, എന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.