150 കിലോമീറ്ററോളം നടന്ന 12കാരിക്ക്​ ദാരുണാന്ത്യം; മരണം വീടണയാൻ 14 കി.മീ മാത്രം ശേഷിക്കെ

single-img
21 April 2020

ബിജാപൂർ: ലോക്​ഡൗണിനെ തുടർന്ന്​ വീട്ടിലെത്താൻ 150ഓളം കിലോമീറ്റർ നടന്ന 12 കാരിക്ക് ​ ദാരുണാന്ത്യം. തെലങ്കാനയിൽ നിന്നും ഛത്തീസ്​ഗ​ഢിലെ ബിജാപൂർ ഗ്രാമ​ത്തിലേക്കാണ്​ ലോക്​ഡൗണിനെ തുടർന്ന്​ കുട്ടിയും മറ്റുള്ളവരും നടന്നത്​.തെലങ്കാനയിലെ മുളക് പാടത്ത് ജോലി ചെയ്തിരുന്ന ജാംലോ മക്ഡാം ആണ് വീടണയാൻ 14 കിലോമീറ്റർ മാത്രം അവശേഷിക്കെ മരിച്ചത്.‍

ഏപ്രിൽ 15നാണ് തെലങ്കാനയിൽനിന്ന് ഒപ്പം ജോലി ചെയ്തിരുന്ന 11 പേരോടൊപ്പം ജാംലോ യാത്ര തുടങ്ങിയത്. മൂന്നു ദിവസം നടന്നു. വീട്ടിലേക്ക് 14 കിലോമീറ്റർ മാത്രം അവശേഷിക്കെ ശനിയാഴ്ച ഉച്ചകഴിഞ്ഞപ്പോൾ വയറുവേദനയുണ്ടായി. തുടർന്ന് മരിച്ചു. ഒടുവിൽ ആംബുലൻസിൽ മൃതദേഹം വീട്ടിലേക്ക്.ജാംലോമിന് നിർജ്ജലീകരണവും പോഷകാഹാരക്കുറവും ഉണ്ടായിരുന്നതായി ഡോക്ടർമാർ അറിയിച്ചു. എന്നാൽ കോവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്. ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥ ഉണ്ടായേക്കാമെന്നും മുതിർന്ന ജില്ലാ മെഡിക്കൽ ഓഫിസർ ബി.ആർ. പുജാരി പറഞ്ഞു.

ജാംലോ രണ്ടു മാസമായി തെലങ്കാനയിൽ ജോലി ചെയ്യുകയായിരുന്നുവെന്ന് പിതാവ് ആന്ദോറം മഡ്കാം പറഞ്ഞു. മൂന്നു ദിവസമായി അവൾ നടക്കുകയായിരുന്നു. ഛർദ്ദിയും വയറുവേദനയും ഉണ്ടായിരുന്നു. ആവശ്യത്തിനു ഭക്ഷണം കഴിച്ചിരുന്നില്ലെന്നും സംഘത്തിലെ ആൾക്കാർ പറയുന്നു.
കുട്ടിയുടെ കുടുംബത്തിന്​ ഒരു ലക്ഷം രൂപ നഷ്​ടപരിഹാരം പ്രഖ്യാപിച്ചു. ജോലിയോ താമസ സ്​ഥലമോ ഇല്ലാത്തതിനാൽ ആയിരക്കണക്കിന്​ കുടിയേറ്റ തൊഴിലാളികളാണ്​ സ്വന്തം ഗ്രാമങ്ങളിലേക്ക്​ പലായനം ചെയ്യുന്നത്​.