കണ്ണൂരിൽ ഗതാഗതക്കുരുക്ക്: വെളുക്കാൻ തേച്ചത് പാണ്ടാകുമെന്ന് ഭയന്ന് സർക്കാർ

single-img
21 April 2020

ഹോട്ട്‌സ്‌പോട്ടായ കണ്ണൂരില്‍ ഗുരുതര ലോക്ക്ഡൗണ്‍ ലംഘനം. നിയന്ത്രണങ്ങള്‍ ലംഘിച്ച് വാഹനങ്ങള്‍ കൂട്ടത്തോടെ പുറത്തിറങ്ങി. ദേശീയ പാതയില്‍ മണിക്കൂറുകളോളം ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. ദേശീയ പാതയില്‍ താണയ്ക്കും  താഴെ ചൊവ്വയ്ക്കും ഇടയില്‍ വാഹനങ്ങളുടെ നീണ്ടനിരയാണ് രാവിലെ മുതൽ ദൃശ്യമായത്. 

ഇതോടെ കണ്ണൂര്‍ ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. കണ്ണൂരില്‍ മെയ് 3 വരെ ഒരു ഇളവും അനുവദിക്കില്ലെന്ന് പൊലീസ് പറഞ്ഞു. അനാവശ്യമായി പുറത്തിറങ്ങുന്നവരെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി. ജില്ലയിലെ എല്ലാ ഗ്രാമങ്ങളും പൂര്‍ണമായി അടയ്ക്കും.

അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമാണ് തുറക്കാന്‍ അനുവദിക്കുക. മെഡിക്കല്‍ ഷോപ്പുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവദിക്കും. കണ്ണൂര്‍ ജില്ലയില്‍ ചില ആളുകള്‍ സ്വമേധയാ ഇളവ് പ്രഖ്യാപിച്ച് പുറത്തിറങ്ങിയതാണ് ഇതിന് കാരണമെന്ന് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. നിയന്ത്രണങ്ങള്‍ ലംഘിക്കാന്‍ ആരെയും അനുവദിക്കില്ല. ഇന്നുമുതല്‍ പരിമിതമായ തോതില്‍ മാത്രമേ വാഹനങ്ങള്‍ റോഡില്‍ അനുവദിക്കുകയുളളൂവെന്നും മന്ത്രി പറഞ്ഞു.

അതിനിടെ കണ്ണൂര്‍ ന്യൂമാഹിയില്‍ നാലുപേരെ അറസ്റ്റ് ചെയ്തു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് നിസ്‌കരിക്കാന്‍ എത്തിയ നാലുപേരെയാണ് ഇന്നു പുലര്‍ച്ചെ അറസ്റ്റ് ചെയ്തത്.