പൗലോ കൊയ്‌ലോയുടെ കോവിഡ് കാല കഥ ഇനി മലയാളത്തിലും…

single-img
21 April 2020

മലപ്പുറം: ലോക പ്രശസ്ത ബ്രസീലിയൻ എഴുത്തുകാരൻ പൗലോ കൊയലോ, കോവിഡ് വൈറസ് പ്രതിസന്ധിയുടെ കാലത്ത് കുട്ടികൾക്കായെഴുതിയ രണ്ട് സചിത്ര കഥകൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത് ഡോ. സൈനുൽ ആബിദീൻ ഹുദവി പുത്തനഴി.

ഡോ. സൈനുൽ ആബിദീൻ ഹുദവി പുത്തനഴി


പ്രതീക്ഷ, വിശ്വാസം സഹാനുഭൂതി എന്നീ മൂല്യങ്ങൾ കുട്ടികളിലേക്ക് പകർന്ന് നൽകാനാണ് ‘ദി മീനിങ് ഓഫ് പീസ്’ ‘എ.ബി.സി.ഡി’ എന്നീ രണ്ട് പുസ്തകങ്ങൾ കൊയലോ തയ്യാറാക്കിയത്. രണ്ട് പുസ്തകങ്ങളും മാതാപിതാക്കൾ കുട്ടികൾക്ക് വായിച്ച് കൊടുക്കുന്ന രീതിയിലാണുള്ളത്.

‘റിയോ ഡി ജനൈറോ’ യിലെ ദരിദ്ര പ്രദേശത്തിലെ ഒരു പള്ളിയിൽ ഈസ്റ്റർ കുർബാനക്കായി ഒരുമിച്ച് കൂടിയ തൊഴിലാളികൾക്ക് ഒരു പുരോഹിതൻ നൽകുന്ന സന്ദേശത്തിന്റെ രൂപത്തിലാണ് എ.ബി.സി.ഡി എഴുതിയിട്ടുള്ളത്.
ജനങ്ങളെല്ലാം സന്തോഷത്തോടെ കഴിയുന്ന ഒരു രാജ്യത്തെ രാജാവ് കലഹപ്രിയരായ മറ്റു രാജ്യക്കാർക്കായി നടത്തിയ ചിത്ര രചന മത്സരത്തിന്റെ കഥയാണ് ദി മീനിങ് ഓഫ് പീസിൽ പറയുന്നത്.

കൊയലോ 2007 മുതൽ ഐക്യരാഷ്ട്ര സഭയുടെ മെസഞ്ചർ ഓഫ് പീസ് പദവി വഹിക്കുന്ന ആളാണ്. ലോകമാകെയുള്ള കുട്ടികളുടെ സൗഖ്യം ലക്ഷ്യം വെച്ചുള്ള ഈ പുസ്തകത്തിന്റെ, മലയാള പരിഭാഷ ‘സമാധാനത്തിന്റെ അർത്ഥം’ മലയാളി കുട്ടികൾക്കും നല്ലൊരു അനുഭവമാകും. എ ബി സി ഡി എന്ന പുസ്തകം, ഹംഗേറിയൻ ഭാഷയിൽ നിന്നാണ് വിവർത്തകൻ ഇംഗ്ലീഷിലേക്കും തുടർന്ന് മലയാളത്തിലേക്കുമായി വിവർത്തനം ചെയ്തത്.

നിരവധി ദേശീയ അന്തർദേശീയ കോൺഫറൻസുകളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ച വിവർത്തകൻ, ലബനാനിലെ ഇന്റർ നാഷണൽ കൗൺസിൽ ഫോർ ദ അറബിക് ലാംഗ്വേജ് അംഗം, അന്നഹ്ദ അറബിക് മാസിക മാനേജിംഗ് എഡിറ്റർ, ജോർദാനിലെ അത്തനാൽ ഇന്റർനാഷണലിന്റെ ഇന്ത്യയിലെ എക്സിക്യുട്ടീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.