ലോക്ക്ഡൗണ്‍ എന്നാൽ പുതുമാർഗങ്ങൾ തേടുക എന്നുകൂടി അർത്ഥമുണ്ട്: ലോക്ക്ഡൗണ്‍ ലംഘിക്കാതെ ടെന്നീസ് കളിച്ച് പെണ്‍കുട്ടികള്‍

single-img
21 April 2020

ലോക്ക്ഡൗണ്‍ എന്നാൽ പുതുമാർഗങ്ങൾ തേടുക എന്നുകൂടി അർത്ഥമുണ്ട് എന്ന്തെളിയിക്കുകയാണ് ഇറ്റലിയിലെ രണ്ട് പെൺകുട്ടികൾ. ടെന്നീസിനെ പ്രണയിക്കുന്ന രണ്ടു യുവതികള്‍, പക്ഷേ ലോക്ക്ഡൗണ്‍ ആയതോടെ അവര്‍ അതിനു മുടക്കമിട്ടില്ല. പകരം സാമൂഹിക അകലം പാലിച്ചു തങ്ങളുടെ വീട്ടിലിരുന്നു തന്നെ അവര്‍ കളിച്ചു. ഇറ്റലിയിലെ ലിഗുറിയയില്‍ നിന്നുള്ള രണ്ട് പെണ്‍കുട്ടികളാണ് കഥയിലെ താരങ്ങള്‍. ഇരുവരുടെയും വീടിന്റെ ടെറസില്‍ നിന്നാണ് ടെന്നീസ് കളിക്കുന്നത്.

കോറോണയെ തുരത്താന്‍ പല രാജ്യങ്ങളും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ബോറടി മാറ്റാന്‍ വഴികള്‍ കണ്ടെത്തുകയാണ് പലരും. വൈകുന്നേരത്തെ നടത്തങ്ങളും കായിക വിനോദങ്ങളുമൊക്കെ മുടങ്ങിയ ചിലര്‍ ആ വിരസതയെ മറികടക്കാന്‍ പുത്തന്‍ വഴികളും തേടുന്നുണ്ട്. ആ സമയത്താണ് പുതുമാർഗങ്ങൾ പരീക്ഷിച്ച്‌ രണ്ടു പെണ്‍കുട്ടികള്‍ തങ്ങളുടെ ലോക്ക്ഡൗണ്‍ കാലം ആനന്ദകരമാക്കുന്നത് എങ്ങനെയെന്നു തെളിയിക്കുന്ന വീഡിയോ സമൂഹമാധ്യമത്തില്‍ വൈറലാകുന്നത്.

പെണ്‍കുട്ടികളുടെ വീഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവച്ച് അധികം കഴിയും മുമ്പേ വൈറലായി. പ്രശസ്ത ടെന്നീസ് താരം സ്റ്റെഫാനോസ് സിറ്റ്‌സിപാസ് ബാസ്‌ക്കറ്റ്‌ബോള്‍ കളിക്കാരനായ റെക്‌സ് ചാപ്മാന്‍ തുടങ്ങിയവരെല്ലാം വീഡിയോ പങ്കുവച്ചു. ഇന്ന് നിങ്ങള്‍ക്ക് കാണാന്‍ കഴിയാവുന്ന ഏറ്റവും അത്ഭുതകരമായ കാര്യം” എന്നു പറഞ്ഞാണ് റെക്‌സ് വീഡിയോ പോസ്റ്റ് ചെയ്തത്.